ആ ഫോണ്‍ കോള്‍ രക്ഷയായി, വാഹനം നിര്‍ത്തി, തൊട്ടുമുന്‍പില്‍ മലയിടിഞ്ഞു; അത്ഭുതം

ദേശീയപാത 85ല്‍ മൂന്നാര്‍ ദേവികുളം ഗ്യാപ് റോഡില്‍ വീണ്ടും ഉണ്ടായ മലയിടിച്ചിലില്‍ നിന്ന് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ആ ഫോണ്‍ കോള്‍ രക്ഷയായി, വാഹനം നിര്‍ത്തി, തൊട്ടുമുന്‍പില്‍ മലയിടിഞ്ഞു; അത്ഭുതം

ഇടുക്കി: ദേശീയപാത 85ല്‍ മൂന്നാര്‍ ദേവികുളം ഗ്യാപ് റോഡില്‍ വീണ്ടും ഉണ്ടായ മലയിടിച്ചിലില്‍ നിന്ന് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദേവികുളം ഹാര്‍ട്ട് എസ്‌റ്റേറ്റ് മാനില സ്വദേശി രമേഷ് കുമാറാണ് രക്ഷപ്പെട്ടത്. മലയിടിയുന്നതിന് തൊട്ടുമുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നതാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് രമേശ് കുമാര്‍ പറയുന്നു. 

ദേവികുളം ഗ്യാപ് റോഡില്‍ വീണ്ടും ഉണ്ടായ മലയിടിച്ചിലില്‍ 60 മീറ്റര്‍ ദൂരത്തില്‍ സംരക്ഷണ ഭിത്തിയും റോഡും തകര്‍ന്ന് താഴേക്ക് പതിച്ചു. ആളപായമില്ല. രാവിലെ 6.45ഓടെയായിരുന്നു അപകടം. രണ്ട് പേര്‍ക്ക് പരുക്കേറ്റു. റോഡിന്റെ മുകള്‍ ഭാഗത്തുനിന്നു കൂറ്റന്‍ പാറയും മണ്ണും  പതിക്കുകയായിരുന്നു. പാറ പൊട്ടിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.

ഒരു ഫോണ്‍ കോളാണ് രമേഷിന്റെ രക്ഷകനായത്. ആ നിമിഷം സൂര്യനെല്ലി സ്വദേശി നാഗരാജ് വിളിച്ച് ഫോണ്‍ ബെല്ലടിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് രമേഷ് പറയുന്നു. പാല്‍ വിതരണക്കാരനായ രമേഷ് കുമാര്‍ രാവിലെ ഓട്ടോയില്‍ പാലുമായി ഗ്യാപ് റോഡില്‍ വിതരണത്തിനു എത്തിയതായിരുന്നു. അവിടത്തെ കടകളില്‍ പാല്‍ നല്‍കിയ ശേഷം വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ആണ്  ഫോണ്‍ ബെല്ലടിച്ചത്. ഫോണ്‍ എടുത്ത് സംസാരിച്ച് തുടങ്ങിയ സമയത്ത് ആണ് തൊട്ട് മുന്നില്‍ മല ഇടിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സ്ഥലത്തിനു സമീപം മലയിടിച്ചിലില്‍ ഒരാള്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com