പ്രേതഭീതിയില്‍ വാച്ചര്‍മാര്‍ മാറി നിന്നു;  കുഞ്ഞിന് രക്ഷകനായത് ഓട്ടോഡ്രൈവര്‍, റോഡില്‍ കുഞ്ഞ് വീണ സംഭവത്തിന്റെ ചുരുളഴിയുന്നു

വനപാലകര്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ സിസിടിവിയില്‍ മൂന്നാമതൊരാളെ കൂടി കണ്ടതോടെ മൂന്നാര്‍ പൊലീസ് ഇതേ കുറിച്ച് അന്വേഷിക്കുകയായിരുന്നു
പ്രേതഭീതിയില്‍ വാച്ചര്‍മാര്‍ മാറി നിന്നു;  കുഞ്ഞിന് രക്ഷകനായത് ഓട്ടോഡ്രൈവര്‍, റോഡില്‍ കുഞ്ഞ് വീണ സംഭവത്തിന്റെ ചുരുളഴിയുന്നു

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും കുഞ്ഞ് റോഡിലേക്ക് വീണ സംഭവത്തില്‍ രക്ഷകനായത് ഓട്ടോഡ്രൈവറെന്ന് വെളിപ്പെടുത്തല്‍. വനപാലകര്‍ രക്ഷിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കും വിധമുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 

വനപാലകര്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ സിസിടിവിയില്‍ മൂന്നാമതൊരാളെ കൂടി കണ്ടതോടെ മൂന്നാര്‍ പൊലീസ് ഇതേ കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് റോഡില്‍ വീണ കുഞ്ഞിന് യഥാര്‍ഥത്തില്‍ രക്ഷകനായത് ഈ ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തിയതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രേതഭീതിയെ തുടര്‍ന്ന് വനംവാച്ചര്‍മാര്‍ മാറി നിന്ന സമയം ഈ ഓട്ടോ ഡ്രൈവറാണ് കുഞ്ഞിനെ എടുത്ത് ചെക്ക്‌പോസ്റ്റില്‍ എത്തിച്ചത്. മൂന്നാറിലെ ഓട്ടോഡ്രൈവറായ കനകരാജാണ് ഇവിടുത്തെ ഹീറോ. സംഭവം നടക്കുന്ന സമയത്തേത് എന്ന് പറഞ്ഞ് വനപാലകര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമല്ലാതിരുന്നതാണ് കനകരാജിന്റെ സാന്നിധ്യം തിരിച്ചറിയാനാവാത്ത വിധമാക്കിയത്. 

കുഞ്ഞ് മനുഷ്യ ജീവി തന്നെയാണോ എന്ന സംശയത്തെ തുടര്‍ന്നാണ് വനം വകുപ്പ് വാച്ചര്‍മാര്‍ മാറി നിന്നത്. ഓട്ടോ ഡ്രൈവര്‍ കുഞ്ഞിനെ എടുത്തതിന് ശേഷം മാത്രമാണ് ഈ വാച്ചര്‍മാര്‍ കനകരാജിന്റെ ഒപ്പം ചേര്‍ന്നത്. ഇടമലക്കുടി നൂറടി കൈലേഷ്, വിശ്വനാഥ് എന്നിവരായിരുന്നു വാച്ചര്‍മാര്‍. കുഞ്ഞിന്റെ തല മൊട്ടയടിച്ചിരുന്നതും, വസ്ത്രം ഇല്ലാതിരുന്നതും, കുഞ്ഞ് ഇഴഞ്ഞു വന്നതുമാണ് ഇത് മനുഷ്യ ജീവിയല്ലെന്ന തോന്നലിലേക്ക് വാച്ചര്‍മാരെ എത്തിച്ചത്. 

ആ സമയം രാജമലയില്‍ ഓട്ടം പോയി വന്നതായിരുന്നു കനകരാജ്. ചെക്ക്‌പോസ്റ്റില്‍ ഗേറ്റ് തുറക്കാന്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടു. തന്നെ കണ്ടതോടെ അമ്മേ എന്നാണ് കുഞ്ഞ് വിളിച്ചതെന്ന് കനകരാജ് പറയുന്നു. ഫോറസ്റ്റ് ഗാര്‍ഡും, മൂന്നാര്‍ എസ്‌ഐയും, വനിതാ പൊലീസും വന്ന ശേഷമാണ് വീട്ടിലേക്ക് പോയതെന്നും കനകരാജ് പറയുന്നു. 

സെപ്തംബര്‍ 9നാണ് പഴനി ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരവെ കുഞ്ഞ് കാറില്‍ നിന്ന് റോഡിലേക്ക് വീഴുന്നത്. സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് കുഞ്ഞ് റോഡിലേക്ക് വീണ വിവരം മാതാപിതാക്കള്‍ അറിയുന്നത്. അപ്പോഴേക്കും 50 കിമീ പിന്നിട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com