രണ്ടാമത്തെ വസ്ത്രം എടുക്കാന്‍ മറന്നു; തെളിവെടുപ്പിന് ജോളിക്ക് പുതിയ വസ്ത്രം വാങ്ങി നല്‍കി പൊലീസ് 

കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളിക്ക് പൊലീസ് പുതിയ വസ്ത്രം വാങ്ങി നല്‍കി
രണ്ടാമത്തെ വസ്ത്രം എടുക്കാന്‍ മറന്നു; തെളിവെടുപ്പിന് ജോളിക്ക് പുതിയ വസ്ത്രം വാങ്ങി നല്‍കി പൊലീസ് 

കോഴിക്കോട് :കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളിക്ക് തെളിവെടുപ്പിനായി പൊലീസ് പുതിയ വസ്ത്രം വാങ്ങി നല്‍കി. 5 നു രാവിലെ കസ്റ്റഡിയിലെടുത്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിനു പുറമെ ഒരു ജോഡി വസ്ത്രം കൂടി എടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ 2 വസ്ത്രങ്ങളാണ് ജയിലില്‍  ജോളി മാറി മാറി ധരിച്ചത്.

റിമാന്‍ഡ് പ്രതികള്‍ക്കു ജയിലില്‍ വസ്ത്രം നല്‍കാന്‍ ചട്ടമില്ല. വീട്ടില്‍ നിന്നു വസ്ത്രമെത്തിക്കാനായി ജോളി ജയിലിലെ ഫോണില്‍ നിന്നു സഹോദരനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിച്ചില്ല. ഒരു ദിവസം സഹതടവുകാരി നല്‍കിയ നൈറ്റി ധരിച്ചു. അറസ്റ്റ് ചെയ്ത ദിവസം ധരിച്ച അതേവസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം ജോളി കോടതിയില്‍ ഹാജരായത്.

രണ്ടാമത്തെ വസ്ത്രം ജയിലില്‍ നിന്ന് എടുക്കാന്‍ മറന്നു. ഇന്നലെ രാവിലെ തെളിവെടുപ്പിനു പോകുന്നതിനു മുന്‍പായി വടകര പൊലീസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫിസറാണ് ഇന്‍സ്‌പെക്ടര്‍ പി എം മനോജിന്റെ നിര്‍ദേശപ്രകാരം പുതിയ വസ്ത്രം വാങ്ങിനല്‍കിയത്.

അതേസമയം  കൂടത്തായില്‍ ഇന്നലെ നടന്ന തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡ് കണ്ടെത്തിയതായി സൂചനയുണ്ട്.ജോളി അടക്കമുള്ള പ്രതികളുമായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് സയനൈഡെന്ന് സംശയിക്കുന്ന പൊടികണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് വൃത്തങ്ങളാണ് ഇതു സംബന്ധിച്ചു സൂചന നല്‍കിയത്. 

പൊന്നാമറ്റം വീട്ടിലെ ജോളി ഉപയോഗിച്ചിരുന്ന കിടപ്പുമുറിയില്‍ വായുഗുളിക കുപ്പിയിലാണ് വെളുത്ത തരിപോലെയുള്ള പൊടികണ്ടെത്തിയത്. തെളിവെടുപ്പിനിടയില്‍ ജോളി തന്നെയാണ് ഇതെടുത്ത് കൊടുത്തത്. കണ്ടെടുത്ത പൊടി വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചതായാണ് വിവരം. 

പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു. പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ എത്തിച്ച് നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടില്‍ നടന്നത്. 2002ല്‍ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു.

പൊന്നമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടില്‍ പത്ത് മിനിട്ട് പരിശോധന നടത്തിയിരുന്നു. എന്‍ഐടിയിലേയും തെളിവെടുപ്പും പൂര്‍ത്തിയാക്കി. ജോളിയെ പല തവണ കണ്ടിട്ടുണ്ടെന്ന് എന്‍ഐടി കാന്റീന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി.  എന്നാല്‍ ജോളിയെ നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. എന്‍ഐടിക്ക് സമീപമുള്ള ബ്യൂട്ടി പാര്‍ലറിലും പൊലീസ് തെളിവെടുപ്പ് നടത്തി.

കൂടത്തായി കൊലപാതക പരമ്പയില്‍ ഇതുവരെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകമുള്‍പ്പടെയുള്ള മൂന്ന് കേസുകളിലാണ് പുതുതായി കോടഞ്ചേരി പൊലീസ്  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ റോയിയുടെ കൊലപാതകത്തില്‍ താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലും സിലിയുടെ കൊലപാതകത്തില്‍ കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com