ലക്ഷ്യം അഹമ്മദ് പട്ടേലോ?; മലയാളിയായ എഐസിസി കാഷ്യറുടെവീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

ചോറ്റാനിക്കര സ്വദേശിയായ മാത്യൂസ് വര്‍ഗീസിന്റെ വീട്ടിലാണ് റെയ്ഡ്
ലക്ഷ്യം അഹമ്മദ് പട്ടേലോ?; മലയാളിയായ എഐസിസി കാഷ്യറുടെവീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

കൊച്ചി: എഐസിസി കാഷ്യറായ മലയാളിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചോറ്റാനിക്കര സ്വദേശിയായ മാത്യൂസ് വര്‍ഗീസിന്റെ വീട്ടിലാണ് റെയ്ഡ്. ഡല്‍ഹിയില്‍നിന്നുള്ള പ്രത്യേകസംഘമാണ് റെയ്ഡിനായി എത്തിയത്. എഐസിസിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. വെള്ളിയാഴ്ച രാവിലെ നാലുമണി മുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധന ശനിയാഴ്ചയും തുടര്‍ന്നു.

എഐസിസിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്നത് മാത്യൂസാണ്. അമ്പതുവര്‍ഷത്തിലധികമായി ഡല്‍ഹിയിലാണ് മാത്യൂസിന്റെ താമസം. അഞ്ചുലക്ഷത്തിലധികം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. മാത്യൂസ് നാട്ടിലെത്തിയ സമയത്താണ് റെയ്ഡ്. 

ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള മേഘാ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് മാത്യൂസിന്റെ വീട്ടിലും നടക്കുന്നതെന്നും എഐസിസി ട്രഷര്‍ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് വളരെ അടുപ്പമുള്ള കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് മേഘാ കണ്‍സ്ട്രക്ഷന്‍സ്. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ റെയ്ഡ് നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com