'സര്‍..., എന്നെ നേരത്തെ അറസ്റ്റുചെയ്യാമായിരുന്നില്ലേ, അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു'; ആദ്യം മൗനം, പിന്നീട് തുറന്നുപറച്ചില്‍

നേരത്തേ അറസ്റ്റുചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കില്ലായിരുന്നുവെന്ന് പറയാതെ പറയുകയായിരുന്നു ജോളി
'സര്‍..., എന്നെ നേരത്തെ അറസ്റ്റുചെയ്യാമായിരുന്നില്ലേ, അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു'; ആദ്യം മൗനം, പിന്നീട് തുറന്നുപറച്ചില്‍

കോഴിക്കോട്: 'എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സര്‍... അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...'- റൂറല്‍ എസ്പി കെ ജി സൈമണിന്റെ ചോദ്യം ചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി തിരിച്ചുചോദിച്ചു. നേരത്തേ അറസ്റ്റുചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കില്ലായിരുന്നുവെന്ന് പറയാതെ പറയുകയായിരുന്നു ജോളി.

തുടക്കത്തില്‍ തീര്‍ത്തും നിസ്സംഗമായിട്ടാണ് അവര്‍ ചോദ്യംചെയ്യലിനോട് പ്രതികരിച്ചത്. എന്നാല്‍, പിന്നീടങ്ങോട്ട് തുറന്നുപറഞ്ഞു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്‍ന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും ജോളി വെളിപ്പെടുത്തി.

കൂടത്തായി കൊലപാതക പരമ്പര കേസില്‍ രണ്ടാം ഭര്‍ത്താവിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തി മൂന്നാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ജോളി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ബിഎസ്എന്‍എല്‍ ജീവനക്കാരനും സുഹൃത്തുമായ ജോണ്‍സനെ വിവാഹം കഴിക്കാനാണ് ജോളി ആഗ്രഹിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ജോണ്‍സന്റെ ഭാര്യയെ കൊല്ലാനും ശ്രമിച്ചുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന് സയനേഡ് നല്‍കിയിട്ടില്ലെന്ന് മുഖ്യപ്രതി ജോളി ഇന്നലെ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയാണെന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.

ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്ന് തവണ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഷാജുവിനറിയാമായിരുന്നു. ഒരു തവണ ഭക്ഷത്തില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജു സഹായിച്ചതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ കൊലപാതകത്തിലെയും കുറ്റം ജോളി സമ്മതിച്ചതായാണ് സൂചന. സിലിയുടെ മരണത്തെ കുറിച്ച് അന്വേഷണ സംഘം ഷാജുവിനെയും അച്ഛന്‍ സക്കറിയെയും ചോദ്യം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com