ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനില്ല; ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കും; ബിഡിജെഎസ് ഇടഞ്ഞുതന്നെ

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ബിഡിജെഎസ്
ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനില്ല; ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കും; ബിഡിജെഎസ് ഇടഞ്ഞുതന്നെ

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ബിഡിജെഎസ്. പരാമര്‍ശം നടത്തിയ നേതാക്കളെ അടുപ്പിക്കാന്‍ ബിഡിജെഎസ് മടിക്കുകയാണ്. ഇവരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടിയുടെ താഴെ തട്ടില്‍ ശക്തമാണ്. 

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് വോട്ട് കുറഞ്ഞ സാഹചര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കുറ്റപ്പെടുത്തി സംസാരിച്ച ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണനടക്കമുള്ളവര്‍ക്ക് എതിരെയാണ് ബിഡിജെസ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നത്. 

എറണാകുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഗോപാലകൃഷ്ണനെ മാറ്റി നിര്‍ത്താന്‍ ബിജെപിയോട് ആവശ്യപ്പെടാന്‍ ബിഡിജെഎസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് വിഷയം ഗൗരവത്തിലെടുക്കണമെന്നും സംസ്ഥാന സമിതി ഇക്കാര്യം ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ബിഡിജെഎസ് ഉപതെരഞ്ഞെടുപ്പില്‍ വൈകിയാണ് രംഗത്തിറങ്ങിയത്. അരൂര്‍ സീറ്റ് വേണ്ടന്നു വച്ചതോടെ ബിഡിജെഎസ് അണികളെല്ലാം തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാതെ മാറി നില്‍ക്കുകയായിരുന്നു. ബിജെപി നേതൃത്വവുമായുള്ള തര്‍ക്കം നിലനിനല്‍ക്കുമ്പോഴാണ് പാലായിലെ തോല്‍വിയില്‍ ബിഡിജെഎസിനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം ബിജെപിയുടെ ചില മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ഉണ്ടായത്. ഇതോടെ എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് വിട്ടുപോകുമെന്ന പ്രചാരണവും ഉണ്ടായി. 

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ നിന്ന് മുക്തനാക്കാന്‍ പിണാറിയ വിജയന്‍ ഇടപെടുകയും ചെയ്തതോടെ പാര്‍ട്ടി ഇടതു പക്ഷത്തേക്ക് തിരിഞ്ഞേക്കുമെന്ന് പ്രവര്‍ത്തകരും ഉറപ്പിച്ചിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഎമ്മിനെ ന്യായീകരിച്ചും ബിജെപിയെ കുറ്റപ്പെടുത്തിയും രംഗത്തു വന്നിരുന്നു. 

ഇതോടെ ബിഡിജെഎസ് മുന്നണി വിടുമെന്ന മുന്‍ധാരണയോടെയാണ് പാലായിലെ കുറ്റം അവരുടെ തലയിലേക്ക് വയ്ക്കാന്‍ ചില ബിജെപി നേതാക്കള്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളിയെ വ്യക്തിപരമായി കുറ്റപ്പെടുത്താനുള്ള നീക്കവും ഉണ്ടായി. 

അതിനിടെ എന്‍ഡിഎയില്‍ തന്നെ നിലകൊള്ളുമെന്നും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും തുഷാര്‍ നയം വ്യക്തമാക്കി. ഇതോടെ മനസില്ലാ മനസോടെയാണെങ്കിലും ബിഡിജെഎസ് പ്രവര്‍ത്തര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് വരികയാണ്. 

എന്നാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന നിലപാടാണ് ഇപ്പോള്‍ താഴെത്തട്ടിലുള്ളത്. അത്തരക്കാരെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയാലെ തങ്ങള്‍ സജീവമായി പ്രവര്‍ത്തനത്തിനിറങ്ങുകയുള്ളു എന്നാണ് ബിഡിജെഎസ് പ്രവര്‍ത്തകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com