രാജ്യത്ത് ആദ്യം; സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി സര്‍വകലാശാല വരുന്നു, യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് തലമുറകളുട സ്വപ്നം

ഭിന്നശേഷിയുള്ളവരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുനരധിവാസത്തിനും അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമായി സംസ്ഥാനത്ത് സര്‍വകലാശാല വരുന്നു.
രാജ്യത്ത് ആദ്യം; സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി സര്‍വകലാശാല വരുന്നു, യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് തലമുറകളുട സ്വപ്നം

തിരുവനന്തപുരം: ഭിന്നശേഷിയുള്ളവരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുനരധിവാസത്തിനും അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമായി സംസ്ഥാനത്ത് സര്‍വകലാശാല വരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സര്‍വകലാശാല ഒരുക്കുന്നത്. തിരുവനന്തപുരത്താണ് ക്യാമ്പസ് ഒരുക്കുന്നത്. ഇതിനായി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും.ഏതുതരം ശാരീരിക  മാനസിക വൈകല്യമുള്ളവര്‍ക്കും ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള കോഴ്‌സുകളും പുനരധിവാസ പദ്ധതികളും സര്‍വകലാശാലയിലുണ്ടാവും. അടുത്തവര്‍ഷം കേന്ദ്രാനുമതിക്കായി അപേക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെശൈലജയുടെ ഓഫീസ് അറിയിച്ചു.

സാമൂഹ്യനീതിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍, ആരോഗ്യസര്‍വകലാശാല വി സി ഡോ എംകെസി നായര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ബാബുജോര്‍ജ് എന്നിവരുടെ സമിതി മൂന്ന് മാസത്തിനകം പുതിയ സര്‍വകാലാശാലയ്ക്കുള്ള ബില്‍ തയ്യാറാക്കും.

ആക്കുളത്തെ നിഷിനെ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) കേന്ദ്ര ഭിന്നശേഷി പുനരധിവാസ സര്‍വകലാശാലയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സര്‍വകലാശാലയ്ക്കായി ബില്‍ തയ്യാറാക്കിയെങ്കിലും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചില്ല.  യുഡിഎഫ് ഭരണകാലത്ത് നിഷിനെ സര്‍വകലാശാലയാക്കാന്‍ കരട് ബില്‍ വരെ തയ്യാറാക്കിയെങ്കിലും കേന്ദ്രസര്‍വകലാശാലാ പ്രഖ്യാപനം വന്നതോടെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

വിതുരയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 50ഏക്കറിലാവും സര്‍വകലാശാല. അഞ്ചേക്കറുള്ള ആക്കുളത്തെ 'നിഷ് ' സര്‍വകലാശാലയുടെ ഭാഗമാകും. നിഷിലെ ബിരുദ, ബിരുദാനന്തര, ആരോഗ്യ കോഴ്‌സുകള്‍ ഭിന്നശേഷിക്കാരുടെ സര്‍വകലാശാലയിലാവും.ഓട്ടിസം, കാഴ്ച, കേള്‍വി, സംസാര തകരാറുകള്‍, ശാരീരിക, മാനസിക വെല്ലുവിളികള്‍, ന്യൂറോ തകരാറു കാരണമുള്ള പഠനവൈകല്യം തുടങ്ങിയവ ഉള്ളവര്‍ക്കായി കോഴ്‌സുകള്‍ പഠനം പൂര്‍ത്തിയാക്കുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പാക്കും. തൊഴിലവസരങ്ങള്‍ കണ്ടെത്തും. അഫിലിയേറ്റഡ് കോളജുകളും പ്രാദേശിക കേന്ദ്രങ്ങളും ആരംഭിക്കാം. വിദൂരവിദ്യാഭ്യാസവും സാധ്യമാക്കും. 4000വിദ്യാര്‍ത്ഥികള്‍ക്ക് പഠന, പരിശീലന സൗകര്യമുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com