സയനൈഡ് ഒളിപ്പിച്ച് വെച്ചത് വീട്ടില്‍?; പൊന്നാമറ്റത്തെ വീട്ടിൽ വീണ്ടും ജോളിയുമായി തെളിവെടുപ്പ്

സയനൈഡ് ഒളിപ്പിച്ച് വെച്ചത് വീട്ടില്‍?; പൊന്നാമറ്റത്തെ വീട്ടിൽ വീണ്ടും ജോളിയുമായി തെളിവെടുപ്പ്

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് ജോളിയെ എത്തിച്ചത്

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യപ്രതി ജോളിയെ വീണ്ടും പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് ജോളിയെ എത്തിച്ചത്. കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. മാത്യു, പ്രജി കുമാര്‍ എന്നിവരെയും ചോദ്യം ചെയ്തു. ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഡോ.ദിവ്യ വി ഗോപിനാഥ് പറഞ്ഞു

മുഖ്യ സാക്ഷിയും പരാതിക്കാരനുമായ റോജോ തോമസിന്റെ മൊഴി നാളെ രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. റോജോയുടെ സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായത് റോജോ തോമസിന്റെ പരാതിയാണ്. സഹോദരന്‍ റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങള്‍ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാന്‍ ജോളി നടത്തിയ നീക്കമാണ് റോജോയില്‍ സംശയമുണര്‍ത്തിയത്. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കല്‍ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകള്‍ െ്രെകംബ്രാഞ്ച് മുഖവിലയ്‌ക്കെടുത്ത് നടത്തിയ അന്വേഷണത്തില്‍ ജോളി ഉള്‍പ്പടെ അറസ്റ്റിലായി. ഫോണില്‍ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഒപ്പം ചില ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ നാളെ വടകരയിലെത്തി മൊഴി നല്‍കും. നെടുമ്പാശ്ശേരിയില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് റോജോ  വൈക്കത്ത് എത്തിയത്. റോജോയുടെ മൊഴിയിലുടെ മരണങ്ങള്‍ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

റോയിയുടേതുള്‍പ്പെടെ മൂന്ന് മരണങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അന്നമ്മ തോമസിന്റെ കൊലപാതകം അന്വേഷിക്കുന്ന പേരാമ്പ്ര സിഐ കെ.കെ. ബിജുവിന്റെയും ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന കുറ്റിയാടി സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com