പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം ; ആനക്കൊമ്പുകേസില്‍ വനംവകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്
പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം ; ആനക്കൊമ്പുകേസില്‍ വനംവകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി : ആനക്കൊമ്പ് കേസില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതില്‍ നിയമ തടസമില്ല. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ല. തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും മോഹന്‍ലാല്‍ കോടതിയില്‍ വ്യക്തമാക്കി.

ആനക്കൊമ്പു കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക്  പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഒക്കറന്‍സ് റിപ്പോര്‍ട്ട് ക്രിമിനല്‍ കേസായി പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചത്. കേസില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി, പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിചാരണ നടപടിയിലേക്ക് കടക്കുകയായിരുന്നു. 

തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി എന്‍ കൃഷ്ണ കുമാര്‍, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ കൃഷ്ണ കുമാര്‍, ചെന്നൈ പെനിന്‍സുല സ്വദേശി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സെപ്തംബര്‍ 16 നാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി എ എ പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com