ഭരതന്നൂരിലെ നിഗൂഢതയും പുറത്തുവരുമോ ?; ആദര്‍ശിന്റെ വസ്ത്രത്തില്‍ കണ്ട ബീജം ആരുടേത് ?; പത്തുവര്‍ഷത്തിന് ശേഷം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം

പാലുവാങ്ങാനായി പുറത്തേക്കു പോയ ആദര്‍ശിനെ പിന്നിട് വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
ഭരതന്നൂരിലെ നിഗൂഢതയും പുറത്തുവരുമോ ?; ആദര്‍ശിന്റെ വസ്ത്രത്തില്‍ കണ്ട ബീജം ആരുടേത് ?; പത്തുവര്‍ഷത്തിന് ശേഷം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരില്‍ കൊല്ലപ്പെട്ട പതിനാലു വയസ്സുകാരന്‍ ആദര്‍ശിന്റെ മരണത്തിലെ നിഗൂഡത പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച്. ആദര്‍ശിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് വീണ്ടും പുറത്തെടുക്കും. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് ക്രൈം ബ്രാഞ്ച് വീണ്ടും മൃതദേഹം പരിശോധിക്കുന്നത്.

പാലുവാങ്ങാനായി പുറത്തേക്കു പോയ ആദര്‍ശിനെ പിന്നിട് വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പാങ്ങോട് പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. 

ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു. പീഡനത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന  നിഗമനത്തിലാണ് പിന്നീട് കേസെടുത്ത ക്രൈംബ്രാഞ്ചെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധിപ്പേരെ പൊലീസ് ചോദ്യം ചെയ്തു. രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി. പക്ഷെ 10 വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്നെടുത്ത ഫോട്ടോയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമെല്ലാം  ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറുകയും നിരവധി പ്രാവശ്യം ചര്‍ച്ച നടത്തുകയും ചെയ്തു. 

പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്. ആദര്‍ശിന്റെ ഡിഎന്‍എ ഉള്‍പ്പെടെ ശേഖരിക്കാന്‍ വേണ്ടിയാണ് പരിശോധനയെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ പറഞ്ഞു. കൂടത്തായിക്ക് സമാനമായി, കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് ബന്ധുക്കളും അന്വേഷണ സംഘവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com