30 പവന്‍ മോഷ്ടിച്ചത് വീട്ടുജോലിക്കാരി; ഹാജറ വീട്ടില്‍ താമസിച്ചത് ആരുമറിയാതെ

പാറക്കടവ് വേവത്ത് വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ കേസില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍
30 പവന്‍ മോഷ്ടിച്ചത് വീട്ടുജോലിക്കാരി; ഹാജറ വീട്ടില്‍ താമസിച്ചത് ആരുമറിയാതെ

നാദാപുരം: പാറക്കടവ് വേവത്ത് വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ കേസില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍. ചാലപ്പുറത്ത് പുതിശ്ശേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന വടയം സ്വദേശി ഹാജറ (36)യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച  ബന്ധുവീട്ടില്‍ പോകുന്നതിനിടയിലാണ് ഇവരെ വേറ്റുമ്മലില്‍വച്ച് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ വീട്ടില്‍നിന്ന് 25 പവര്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് പീറ്റയില്‍ ഇസ്മയിലിന്റെ വീടിന്റെ മുകളിലത്തെ മുറിയിലെ അലമാരയില്‍നിന്ന് ആഭരണങ്ങള്‍ മോഷണംപോയത്. വീട്ടുകാരറിയാതെ രാത്രി വീടിനുള്ളില്‍ താമസിച്ചാണ് ഹാജറ മോഷണം നടത്തിയത്. കിടപ്പുമുറിയിലെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഇസ്മയിലിന്റെ ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച  രാവിലെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ്  മോഷണം നടന്നത് വീട്ടുകാര്‍ അറിയുന്നത്. സാഹചര്യത്തെളിവുകള്‍ പരിശോധിച്ച പൊലീസിന് വീടുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണം നടത്തിയതെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാജറയിലേക്ക് അന്വേഷണം നീണ്ടത്.  

ഇസ്മയിലിന്റെ ഭാര്യയും മക്കളും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോഷണം. ഒന്‍പതിന് വൈകീട്ടോടെ വെള്ളൂരിലെ വാടകവീട്ടില്‍ നിന്നിറങ്ങിയ ഹാജറ രാത്രി ഏഴോടെ ഇസ്മയിലിന്റെ വീട്ടില്‍ എത്തി. വീട്ടുകാര്‍ ഉറങ്ങുംവരെ അവരുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരുന്നു. പിന്നീട് നേരത്തെ തുറന്നുവെച്ച മുതല്‍ വഴി മുകളിലെത്തി അലമാരയിലുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. നസീമയുടെയും മക്കളുടെയും ദേഹത്തുള്ള ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. മോഷണശേഷം പുറത്തിറങ്ങിയ പ്രതി നേരം പുലരുംവരെ കാര്‍പോര്‍ച്ചിലും മറ്റുംകഴിച്ച് കൂട്ടിയ ശേഷം ഏഴോടെ വെള്ളൂരിലെത്തി . പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com