ആദിവാസി ക്ഷേമത്തിനായി മഞ്ജുവാര്യർ പണപ്പിരിവ് നടത്തി; ​ഗുരുതര ആരോപണവുമായി ആദിവാസി ​ഗോത്രമഹാസഭ

പ്രളയത്തില്‍ തകര്‍ന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത നടി മഞ്ജു വാര്യര്‍ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ
ആദിവാസി ക്ഷേമത്തിനായി മഞ്ജുവാര്യർ പണപ്പിരിവ് നടത്തി; ​ഗുരുതര ആരോപണവുമായി ആദിവാസി ​ഗോത്രമഹാസഭ

കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത നടി മഞ്ജു വാര്യര്‍ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ. വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കള്‍ക്ക് വീടും മറ്റ്​ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നല്‍കാമെന്ന് വാഗ്​ദാനം നല്‍കിയ മഞ്ജു, അതില്‍നിന്ന്​ പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ആരോപിച്ചു.

ആദിവാസി ക്ഷേമത്തിന്​ മഞ്ജു വാര്യര്‍ പണപ്പിരിവ് നടത്തിയതായി സംശയിക്കുന്നുണ്ട്​. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2017ലാണ് മഞ്ജു വാര്യര്‍ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരില്‍ക്കണ്ട മഞ്ജു 56 കുടുംബങ്ങള്‍ക്ക് 'മഞ്ജു വാര്യര്‍ ഫൗണ്ടേഷനിലൂടെ' വീടും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. രണ്ട് കോടിയോളം രൂപയാണ് ഇതിന് ചെലവു വരുന്നത്. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും തുടര്‍ന്ന് പഞ്ചായത്തും ജില്ല ഭരണകൂടവും പ്രോജക്‌ട് അംഗീകരിക്കുകയും ചെയ്തു. പിന്നീട് 2018ലെയും 2019ലെയും പ്രളയകാലം ഏറെ നാശംവിതച്ചതോടെ കോളനി പൂര്‍ണമായും തകര്‍ന്നു.മഞ്ജു വാര്യരുടെ പ്രോജക്‌ട് നിലനില്‍ക്കുന്നതു കൊണ്ടു തന്നെ സര്‍ക്കാറി​​​ന്റെ മറ്റ് പദ്ധതികള്‍ കോളനിയില്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് പഞ്ചായത്ത് മെംബര്‍ എം.എ. തോമസ് വയനാട് ജില്ല ലീഗല്‍ അതോറിറ്റിക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കുകയും മഞ്ജുവിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍, രണ്ടു കോടി രൂപയുടെ പ്രോജക്‌ട് ഏറ്റെടുക്കാനാകില്ലെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നും കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച്‌ മഞ്ജു വാര്യര്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് മറുപടി നല്‍കി. ഇതിനകം മൂന്നരലക്ഷം രൂപ നല്‍കിയതായും മറുപടിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com