പുനലൂരിനെ ഭീതിയിലാഴ്ത്തി അപ്രതീക്ഷിത പ്രളയം ; വെള്ളമിറങ്ങിയത് എട്ടുമണിക്കൂറിന് ശേഷം ; കനത്ത മഴയില്‍ വ്യാപകനാശം

നൂറോളം വീടുകളില്‍ വെള്ളം കയറി. ഇരു ചക്രവാഹനങ്ങളില്‍ എത്തിയ നിരവധിപേര്‍ ഒഴുക്കില്‍പ്പെട്ടു
പുനലൂരിനെ ഭീതിയിലാഴ്ത്തി അപ്രതീക്ഷിത പ്രളയം ; വെള്ളമിറങ്ങിയത് എട്ടുമണിക്കൂറിന് ശേഷം ; കനത്ത മഴയില്‍ വ്യാപകനാശം

കൊല്ലം : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും പുനലൂരിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലും വ്യാപക നാശനഷ്ടം. കനത്ത മഴയെത്തുടര്‍ന്ന്  പുനലൂര്‍, ചെമ്മന്തുര്‍ പ്രദേശം വെള്ളത്തില്‍  മുങ്ങി. നൂറോളം വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ രണ്ടുമണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

രണ്ടു മണിക്കൂര്‍ തിമിര്‍ത്തു പെയ്ത മഴയാണ് പുനലൂരിനെ പേടിപ്പിച്ചത്. ചെമ്മന്തൂര്‍ പ്രദേശത്തെ പരിഭ്രാന്തിയിലാക്കിയ അപ്രതീക്ഷിത വെള്ളപ്പൊക്കം എട്ടുമണിക്കൂറിനു ശേഷമാണ് പിന്‍വാങ്ങിയത്. നഗരത്തിലെ ഗതാഗതം നിശ്ചലമായപ്പോള്‍ ഗതാഗതം തിരിച്ചുവിട്ട പാതകളില്‍ ഗതാഗത സ്തംഭനവും ഉണ്ടായി. ഇരു ചക്രവാഹനങ്ങളില്‍ എത്തിയ നിരവധിപേര്‍ ഒഴുക്കില്‍പ്പെട്ടു. 

വ്യാപാര സ്ഥാപനങ്ങളിലും മറ്റ് തൊഴില്‍ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് 1.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ചെമ്മന്തൂര്‍ സി എസ് ബഷീര്‍ ജനറല്‍ മര്‍ച്ചന്റസിന്റെ ഗോഡൗണ്‍ മുങ്ങി 30 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. നിരവധി വീടുകളും മതിലുകളും തകര്‍ന്നു. ഒരു കോടിയുടെ നഷ്ടമുണ്ടായതായാണ് നിഗമനം.  ഏലാകളുടെ വശങ്ങളിലെ കെട്ടുകളുടെ തകര്‍ച്ചയും കൃഷി നാശവുമുണ്ടായിട്ടുണ്ട്. 

ചെമ്മന്തൂര്‍, പത്തേക്കര്‍, തെങ്ങുംതറ, ചൂള, കോമളംകുന്ന്, കോളേജ്, വെട്ടിപ്പുഴ, എംഎല്‍എ റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ഭാഗം, മന്ത്രംമുക്ക്, നെടുങ്കയം, വിളക്കുവെട്ടം എന്നിവിടങ്ങളില്‍ മഴയിലും കാറ്റിലും വെള്ളപ്പാച്ചിലിലും തകര്‍ച്ച നേരിട്ട വീടുകളും കടകളും റവന്യൂ അധികൃതര്‍ പരിശോധിച്ചു. പ്രധാന റോഡുകളുടെ വശത്തെയും തോടുകളുടെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച പുനലൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com