കുറ്റസമ്മതം അറസ്റ്റിന് മുമ്പ് തന്നെ ; എല്ലാം ക്രിമിനല്‍ അഭിഭാഷകന്റെ ഉപദേശത്തില്‍ ; അതിവിദഗ്ധ നാടകം ?

കേസ് ദുര്‍ബലമാക്കാനും, സാധ്യമായ എല്ലാ പഴുതുകളും അവശേഷിപ്പിച്ചുമാണ് കുറ്റസമ്മതമെന്നാണ് റിപ്പോര്‍ട്ട്
കുറ്റസമ്മതം അറസ്റ്റിന് മുമ്പ് തന്നെ ; എല്ലാം ക്രിമിനല്‍ അഭിഭാഷകന്റെ ഉപദേശത്തില്‍ ; അതിവിദഗ്ധ നാടകം ?

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയത് അറസ്റ്റിലാകുന്നതിന് തലേദിവസമെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് സംഘത്തെ പൊന്നാമറ്റം വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ജോളി കുറ്റസമ്മതം നടത്തിയത്. ജോളിയുടെ കുറ്റസമ്മതത്തിന് പിന്നില്‍ വിദഗ്ധനായ ഒരു ക്രിമിനല്‍ അഭിഭാഷകന്റെ ഉപദേശത്തോടെ നടന്ന, അതിവിദഗ്ധമായ നാടകമാണെന്നും ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

കേസ് ദുര്‍ബലമാക്കാനും, സാധ്യമായ എല്ലാ പഴുതുകളും അവശേഷിപ്പിച്ചുമാണ് കുറ്റസമ്മതമെന്നാണ് റിപ്പോര്‍ട്ട്. കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത ഒക്ടോബര്‍ നാലിനാണ് ജോളി അന്വേഷണസംഘത്തെ വിളിച്ച് കുറ്റസമ്മതം നടത്തുന്നത്. ഇത് കല്ലറ തുറന്ന് മൃതദേഹങ്ങല്‍ പുറത്തെടുത്തതിനെ തുടര്‍ന്ന് തനിക്കുണ്ടായ മനോവിഭ്രമങ്ങളുടെയും വെളിപാടിന്റെയും അടിസ്ഥാനത്തിലാണെന്നാണ് ജോളി പൊലീസിനോട് പറഞ്ഞത്.  ഈ നാടകത്തിന്റെ ഭാഗമായാണ്, പൊലീസ് കസ്റ്റഡിയില്‍ ജോളിയമ്മ മനോനില തെറ്റിയ നിലയില്‍ പിറുപിറുക്കുന്നതും, തെറ്റായ മൊഴി നല്‍കുന്നതുമെന്നും പത്രം സൂചിപ്പിക്കുന്നു. 

കേസില്‍ കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ വെളിപാടിനെത്തുടര്‍ന്നാണ് താന്‍ കുറ്റസമ്മതം നടത്തിയത്, അല്ലാതെ ചോദ്യം ചെയ്യലില്‍ അല്ലെന്നാകും ജോളി വാദിക്കുക. ഇത് കേസില്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും ജോളിക്ക് വിദഗ്ധ ഉപദേശം ലഭിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ജോളിയുടെ അഭിഭാഷകനും ഈ വെളിപാടിനെ പ്രധാന ആയുധമാക്കിയാകും വാദിക്കുക. ജോളിയുടെ രണ്ടാമത്തെ നാടകം ആരംഭിക്കുന്നത് പൊലീസ് പിടിയില്‍ മനോനില തെറ്റിയ മട്ടിലുള്ള പെരുമാറ്റമാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയുമ്പോഴും, തെളിവെടുപ്പ് സമയത്തും ജോളി വിരുദ്ധമായ മൊഴികളിലൂടെയും പ്രവൃത്തികളിലൂടെയും ഈ നാടകം തുടരുകയാണ്.

ജോളിക്ക് വിദഗ്ധനായ ക്രിമിനല്‍ അഭിഭാഷകന്റെ ഉപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷമ സംഘത്തലവനായ റൂറല്‍ എസ്പി കെ ജി സൈമണും സമ്മതിച്ചു. ഇതിന്റെ ഭാഗമായാണ് മനോനില തകര്‍ന്നപോലെ പെരുമാറുന്നത്. നിയമത്തിന്റെ കരങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ഈ നീക്കം. കേസന്വേഷണം വഴിതെറ്റിക്കാന്‍ നിരവധി നാടകങ്ങളാണ് ജോളി കളിച്ചത്. ജോളിയുടെ മാനസിക നിലയ്ക്ക് യാതൊരു തകരാറുമില്ല. ഈ നാടകങ്ങളൊന്നും വിലപ്പോകില്ലെന്നും, അന്വേഷണസംഘം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും എസ്പി കെജി സൈമണ്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com