ശബരിമല വിഷയത്തിന്റെ ആഴം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷത്തിന് വീഴ്ച പറ്റി : ബിനോയ് വിശ്വം

തെറ്റ് സംഭവിച്ചാല്‍ അത് സമ്മതിക്കുന്ന രാഷ്ട്രീയ ആര്‍ജവവും മര്യാദയും മാനസികവികാസവും ഇടതുപക്ഷത്തിനുണ്ട്
ശബരിമല വിഷയത്തിന്റെ ആഴം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷത്തിന് വീഴ്ച പറ്റി : ബിനോയ് വിശ്വം

തിരുവനന്തപുരം : ശബരിമല വിഷയത്തിന്റെ ആഴം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷത്തിന് വീഴ്ച പറ്റിയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വിധി നടപ്പാക്കുന്നതിലെ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് സംഭവിച്ചാല്‍ അത് സമ്മതിക്കുന്ന രാഷ്ട്രീയ ആര്‍ജവവും മര്യാദയും മാനസികവികാസവും ഇടതുപക്ഷത്തിനുണ്ട്. ജനങ്ങളെ മാനിക്കാനുള്ള കഴിവും പാര്‍ട്ടിക്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. 

വീഴ്ച പറ്റിയെന്ന് പറഞ്ഞാല്‍ അത് സുപ്രിം കോടതിയുടെ കാര്യത്തില്‍ അബദ്ധം സംഭവിച്ചു എന്നല്ല അര്‍ത്ഥം. കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് പാലിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനും ബിജെപിക്കും ഉണ്ട്. അതേ നിലപാട് തന്നെയാണ് ഇടതുപക്ഷവും സ്വീകരിച്ചത്. എന്നാല്‍ നിലപാടിന്റെ ശരികള്‍ ജനങ്ങളെ പറഞ്ഞുബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഞങ്ങളുടെ നിലപാട് ബോധ്യപ്പെട്ടതുകൊണ്ടാണ് പാലാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് അനുകൂലമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയവും സാമൂഹ്യവും വിശ്വാസവും പറഞ്ഞിട്ട് തന്നെയാണ് ഇടത് പ്രവര്‍ത്തകര്‍ വോട്ട് ചോദിക്കുന്നത്. എന്നാല്‍ എവിടേയും മാപ്പിരന്നിട്ടില്ല. ശബരിമല വിഷയത്തെ വൈകാരികമായി സമീപിച്ച് അത് വോട്ടാക്കി മാറ്റാന്‍ പലരുമുണ്ടാവും. പക്ഷെ ജനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും കീശയില്‍ ജീവിക്കുന്നവരല്ല. നേതാക്കള്‍ പറയുന്നിടത്ത്, പറയുന്ന ചിഹ്നത്തില്‍ ജനങ്ങള്‍ വോട്ടുകുത്തുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹമാണ്. ആ വ്യാമോഹത്തിന്റെ കാലം കഴിഞ്ഞുവെന്നും ബിനോയ് വിശ്വം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com