'ലാല്‍സലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്';  ശബരിമല തീർത്ഥാടകരിൽ ഏറെയും സിപിഎമ്മുകാരെന്ന് കോടിയേരി

എന്‍എസ്എസ് പാര്‍ട്ടി ഉണ്ടാക്കി മല്‍സരിച്ചപ്പോഴും ഇടതുപക്ഷം കേരളത്തില്‍ വിജയിച്ചിട്ടുണ്ടെന്ന് കോടിയേരി
'ലാല്‍സലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്';  ശബരിമല തീർത്ഥാടകരിൽ ഏറെയും സിപിഎമ്മുകാരെന്ന് കോടിയേരി

ആലപ്പുഴ : ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും സിപിഎംകാരെന്ന് കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിയായിരിക്കെ അവിടെ ചെന്നപ്പോല്‍ ലാല്‍സലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്. എന്‍എസ്എസ് പറയുന്ന ശരിദൂരം ആര്‍ക്കും അനുകൂലമെന്ന് വ്യാഖ്യാനിക്കാം. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് പറഞ്ഞത് എന്‍എസ്എസിലെ കോണ്‍ഗ്രസുകാരനാണ്. എല്‍ഡിഎഫുകാരനായ എന്‍എസ്എസുകാരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. എല്‍ഡിഎഫ് ഒരു സമുദായത്തിനും എതിരല്ല. എന്‍എസ്എസ് പലഘട്ടങ്ങളിലും പ്രകോപനപരമായ നിലപാട് എടുക്കാറുണ്ട്. എല്‍ഡിഎഫ് നിലവില്‍ അതില്‍ വീഴാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍എസ്എസ് പാര്‍ട്ടി ഉണ്ടാക്കി മല്‍സരിച്ചപ്പോഴും ഇടതുപക്ഷം കേരളത്തില്‍ വിജയിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. 

അരൂരിലെ ഇടതു സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെതിരെ മുല്ലപ്പള്ളി പറയുന്നത് കള്ളമാണ്. പുന്നപ്ര വയലാര്‍ സമരത്തെ ഒറ്റുകൊടുത്തവരാണ് കോണ്‍ഗ്രസുകാരെന്നും കോടിയേരി ആരോപിച്ചു. ഓരോ മണ്ഡലങ്ങളിലും ചെല്ലുമ്പോള്‍ പലവേഷം കെട്ടുന്ന പാഷാണം വര്‍ക്കിയാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണറെ കാണുത്തത് ഹോബിയായിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിക്കെതിരെ പരാതിയുമായി ഗവര്‍ണറെ കാണും. ആരിഫ് മുഹമ്മദ് ഖാനൊപ്പം ചായകുടിക്കും. ഇതില്‍ യാതൊരു പുതുമയുമില്ല. ഇത്തരം ഇലക്ഷന്‍ സ്റ്റണ്ട് ചെന്നിത്തല അവസാനിപ്പിക്കണം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പോലെ നിയമസഭ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാന്‍ ചെന്നിത്തല ശ്രമിക്കരുത്. അതാണ് പാലായിലെ പരാജയം വ്യക്തമാക്കുന്നത്. പാലായിലെ പരാജയം സ്വന്തം പരാജയമാണെന്ന് ചെന്നിത്തല ഇനിയെങ്കിലും സമ്മതിക്കണം. 

അരൂരില്‍ ഇടതുയൂത്ത് മാര്‍ച്ചിലെ അരിവാള്‍ ചുറ്റിക പതിച്ച മഞ്ഞയും പച്ചയുടെ നിറത്തിലുള്ള കൊടി ഉയര്‍ത്തിയതിനെ കോടിയേരി തള്ളിപ്പറഞ്ഞു. അതൊന്നും പാര്‍ട്ടിയുടെ കൊടികളല്ല. സിപിഎമ്മിന്റെ  കൊടി സംബന്ധിച്ച് പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അത് ചുവന്ന പ്രതലത്തിലെ അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. മറ്റെല്ലാം ഓരോരുത്തര്‍ സൃഷ്ടിക്കുന്ന ഭാവനാപൂര്‍ണമായ അടയാളങ്ങള്‍ മാത്രമാണ്. അതിന് സിപിഎമ്മുമായി ബന്ധമില്ല. ഐഎന്‍എല്ലുകാര്‍ പച്ചയില്‍ അരിവാള്‍ ചുറ്റിക ചിഹ്നം നല്‍കിയിട്ടുണ്ടാകും. അതിനെല്ലാം അതാത് സംഘടനകളാണ് മറുപടി നല്‍കേണ്ടതെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com