സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു ; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് വത്തിക്കാന്‍ നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കി
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു ; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

കല്‍പ്പറ്റ : സന്യാസസഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്‌സിസി) നിന്നും പുറത്താക്കിയ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് വത്തിക്കാന്‍ നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കി. കത്ത് മഠം അധികൃതര്‍ ഇന്ന് ഒപ്പിട്ടുവാങ്ങി. എന്നാൽ മഠത്തിൽ നിന്നും ഇറങ്ങില്ലെന്നാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ നിലപാട്. തന്റെ വിശദീകരണം കേട്ടില്ലെന്നും ലൂസി കളപ്പുര പറയുന്നു.

മഠത്തില്‍ നിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്താണ് ലൂസി കളപ്പുര വത്തിക്കാനിലെ പൊരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കിയത്. തനിക്കെതിരെ നടക്കുന്നത് അസത്യപ്രചരണങ്ങളാണ്. സഭയെ മോശമാക്കുന്ന വിധത്തില്‍ ദൈവവചനത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്നെ അന്യായമായി പുറത്താക്കാനുള്ള നടപടി ഒഴിവാക്കാന്‍ ഇടപെടണം. തുടര്‍ന്നും സന്യസ്ത സഭയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വത്തിക്കാന് നല്‍കിയ വിശദീകരണ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. 

എഫ്‌സിസി അസത്യ പ്രചരണങ്ങളാണ് നടത്തുന്നത്. താന്‍ സഭയ്ക്ക് നല്‍കിയ വിശദീകരണക്കുറിപ്പ് മറച്ചുവെക്കുകയാണ് ചെയ്തത്. കാര്‍ വാങ്ങിയെന്നും പുസ്തം എഴുതിയെന്നും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തെന്നും പറഞ്ഞാണ് തനിക്കെതിരെ നടപടികള്‍ തുടങ്ങിയത്.താന്‍ പറഞ്ഞ കാര്യങ്ങളെ മറ്റൊരു രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. താന്‍ സഭയുടെ മുന്‍പില്‍ തെറ്റുകാരിയായി ഇരയാക്കപ്പെട്ടത് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതു കൊണ്ട് മാത്രമാണെന്നും സിസ്റ്റര്‍ പറയുന്നു.

അച്ചടക്കലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് പുറത്താക്കിയത്. ലൂസിയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് കാണിച്ച് എഫ്‌സിസി മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ ലൂസിയുടെ അമ്മയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതുമുതലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയുടെ കണ്ണിലെ കരടായത്. തുടര്‍ന്ന് ആഗസ്റ്റ് ഏഴിനാണ് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ ആലുവയിലെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയതായി അറിയിച്ചു കത്ത് നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com