ജാതി  സംഘടനകള്‍ ഏത് പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധം ; എന്‍എസ്എസിനെ തള്ളി ഒ രാജഗോപാല്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടുചെയ്യണമെന്ന് പറയുന്നത് ന്യായമല്ല
ജാതി  സംഘടനകള്‍ ഏത് പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധം ; എന്‍എസ്എസിനെ തള്ളി ഒ രാജഗോപാല്‍

തിരുവനന്തപുരം : സമുദായ സംഘടനകള്‍ വോട്ടുചോദിക്കുന്ന വിഷയത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ച് ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ജാതി-മത  സംഘടനകള്‍ ഏത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടുചെയ്യണമെന്ന് പറയുന്നത് ന്യായമല്ല. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍  മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും നിലപാട് എടുത്തിട്ടുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു. 

എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചോദിച്ച് പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് രാജഗോപാലിന്റെ പ്രതികരണം. സമുദായസംഘടനകള്‍ ഇന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് ആഹ്വാനം നല്‍കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ വ്യക്തിപരമായി ആവശ്യപ്പെടാമെന്നും രാജഗോപാല്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ എന്തു പറയുന്നു എന്നതല്ല, നിയമവശമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഈ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയമാണ്. ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കൊപ്പം ഒരു ബിജെപി എംഎല്‍എ കൂടി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും രാജഗോപാല്‍ പറഞ്ഞു. 

അതിനിടെ എന്‍എസ്എസിനെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. രാഷ്ട്രീയപാര്‍ട്ടികളെയല്ല, വിശ്വാസികളെയാണ് എന്‍എസ്എസ് പിന്തുണയ്ക്കുന്നത്. രാഷ്ട്രീയകക്ഷികളെ സഹായിക്കുകയല്ല, മറിച്ച് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുകയാണ് എന്‍എസ്എസ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ ഇക്കാര്യം പരിശോധിക്കാവുന്നതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരസ്യനിലപാട് സ്വീകരിക്കുന്നത് സംഘടനകളുടെ അവകാശമാണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. സമുദായ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. അങ്ങനെ എല്ലാ സമുദായസംഘടനകളെയും നിരോധിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അവകാശമില്ല. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നോട്ടീസ് അയച്ചാല്‍ സമുദായസംഘടനകള്‍ മറുപടി നല്‍കിക്കോളുമെന്നും മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com