ജോളിയുടെ ഉറ്റസുഹൃത്തായ യുവതി മുങ്ങി ?; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ് ; നിര്‍ണായക വിവരങ്ങള്‍ യുവതിക്ക് അറിയാമെന്ന് സൂചന

ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു
ജോളിയുടെ ഉറ്റസുഹൃത്തായ യുവതി മുങ്ങി ?; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ് ; നിര്‍ണായക വിവരങ്ങള്‍ യുവതിക്ക് അറിയാമെന്ന് സൂചന

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. എന്‍ഐടി (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് പൊലീസ് തിരയുന്നത്. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവര്‍ക്ക് അറിയാമെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. 

ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. തയ്യല്‍ക്കടയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 

എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എന്നിവരാണ് ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്. ജോളിക്ക് എന്‍ഐടി പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്.

എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണ് പണം നല്‍കിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നല്‍കി. എന്‍ഐടിക്കു സമീപം കട്ടാങ്ങല്‍ ജംക്ഷനിലെ പെട്ടിക്കടയിലാണ് മനോജ് പണം ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഈ കട ജോളി പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com