'ഞാന്‍ നന്മമരമാണ് 200 കോടിയുടെ കണക്ക് കാണിക്കേണ്ട എന്നാണെങ്കില്‍ അത് ദേശവിരുദ്ധ പ്രവര്‍ത്തനം'; രൂക്ഷവിമര്‍ശനവുമായി ഡോ. അഷീല്‍; വിഡിയോ

വിദേശത്തുനിന്നുള്ള പണം വാങ്ങാന്‍ അനുവാദം നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്‌സിആര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
'ഞാന്‍ നന്മമരമാണ് 200 കോടിയുടെ കണക്ക് കാണിക്കേണ്ട എന്നാണെങ്കില്‍ അത് ദേശവിരുദ്ധ പ്രവര്‍ത്തനം'; രൂക്ഷവിമര്‍ശനവുമായി ഡോ. അഷീല്‍; വിഡിയോ

ഫിറോസ് കുന്നമ്പറമ്പിലും സാമൂഹികസുരക്ഷാ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും തമ്മിലുള്ള ഫേയ്‌സ്ബുക്ക് പോര് മുറുകുന്നു. ഫിറോസിന് മറുപടിയുമായി അഷീല്‍ രംഗത്തെത്തി. പിരിച്ചു കിട്ടിയ പണത്തിന്റെ കണക്ക് കാണിക്കാന്‍ ഫിറോസ് തയാറാവണമെന്നും അല്ലാത്ത പക്ഷം അത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അഷീല്‍ ഫേയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

സാമൂഹിക സുരക്ഷ മിഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹം ഫിറോസിനോടും കണക്ക് ആവശ്യപ്പെട്ടത്. ഓണ്‍ലൈനിലൂടെയും മറ്റും പിരിച്ചെടുത്ത പണം ചെലവാക്കിയതിന്റെ കണക്കാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 148 കോടി പിരിച്ചെന്നും അത് ചെലവാക്കിയത് എങ്ങനെയെന്ന് കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 100 ല്‍ അധികം വിഡിയോയിലൂടെ 200 കോടി രൂപ പിരിച്ചുവെന്നാണ് ഫിറോസ് കുന്നുമ്പറമ്പില്‍ പറയുന്നത്. പ്രവാസികളും മറ്റുമാണ് കൂടുതലും സംഭാവന നല്‍കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഇതിന്റെ കണക്ക് കൃത്യമായി നല്‍കണം.

കൂടാതെ വിദേശത്തുനിന്നുള്ള പണം വാങ്ങാന്‍ അനുവാദം നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്‌സിആര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃതമായ പണം രാജ്യത്തിന് ഭീഷണിയാണെന്നും ഇത് തടയാനാണ് എഫ്‌സിആര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ നന്മമരമാണ് 200 കോടിയുടെ കണക്ക് കാണിക്കേണ്ട എന്നാണെങ്കില്‍ അത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അഷീല്‍ കൂട്ടിച്ചേര്‍ത്തു.

ഫിറോസിനെതിരേ രംഗത്തു വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ഗുണ്ടാസംഘത്തിന്റെ നിരവധി ഫോണ്‍കോളുകളാണ് തനിക്ക് വരുന്നത്. ചാരിറ്റി നിന്നുപോകുമെന്നും നന്മമരം അവസാനിച്ചുപോകുമെന്നുമുള്ള വേദന അല്ല അതെന്നും അതിലും വലുത് എന്തോ ആണെന്നും അദ്ദേഹം പറയുന്നു. കിഡ്‌നി ട്രാന്‍സ്പ്ലാന്‍ഡേഷന്‍ 25 ലക്ഷം രൂപ വേണമെന്നാണ് ഫിറോസ് പറയുന്നത്. എന്നാല്‍ പിരിച്ച മൂന്ന് ലക്ഷം രൂപ ഞങ്ങള്‍ക്കു തരികയാണെങ്കില്‍ സാമൂഹിക സുരക്ഷ വിഭാഗം കിഡ്‌നി മാറ്റിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കിഡ്‌നി വാങ്ങാനാണ് അത്രയും പണം ആവുക എന്നാണ് ഫിറോസ് പറയുന്നത്. അങ്ങനെ വാങ്ങാന്‍ പറ്റുന്നതല്ല കിഡ്‌നിയെന്നും അങ്ങനെയെങ്കില്‍ അവയവ മാഫിയയുമായി ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടിവരുമെന്നും കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com