ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനകം ഫീസടച്ചാല്‍ മതി;പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനു കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ഫീസ് അടച്ചാല്‍ മതിയെന്നും പിഴ ഈടാക്കേണ്ടതില്ലെന്നും സംസ്ഥാന മോട്ടര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലര്‍
ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനകം ഫീസടച്ചാല്‍ മതി;പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനു കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ഫീസ് അടച്ചാല്‍ മതിയെന്നും പിഴ ഈടാക്കേണ്ടതില്ലെന്നും സംസ്ഥാന മോട്ടര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലര്‍. കാലാവധി കഴിഞ്ഞ് 5 വര്‍ഷത്തിനകമാണെങ്കില്‍ പിഴയും ഫീസും അടച്ച് റോഡ് ടെസ്റ്റ് മാത്രം പാസായാല്‍ മതി. ഇവര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് ഒഴിവാക്കിയതായും ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറിലറില്‍ പറയുന്നു.

മോട്ടര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം, കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ലൈസന്‍സ് പുതുക്കണമായിരുന്നു. അതു കഴിഞ്ഞുള്ളവര്‍ വീണ്ടും ടെസ്റ്റുകള്‍ പാസാകണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു.

ഗതാഗത കമ്മിഷണറുടെ സര്‍ക്കുലര്‍ അനുസരിച്ച്, ഒരു വര്‍ഷം കഴിഞ്ഞും എന്നാല്‍ 5 വര്‍ഷത്തിനകവും ലൈസന്‍സ് പുതുക്കുന്നവര്‍ പിഴയും ഫീസും അടച്ച് ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷ നല്‍കിയാല്‍ ഉടന്‍ അതു ലഭിക്കും. ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച് 30 ദിവസം കഴിഞ്ഞേ പ്രായോഗികക്ഷമതാ പരീക്ഷയ്ക്കു ഹാജരാകാവൂ എന്ന നിബന്ധനയും ഒഴിവാക്കി. ആഴ്ചയില്‍ ഒരു ദിവസം ഇത്തരക്കാര്‍ക്കായി പാര്‍ട്ട് 2 ടെസ്റ്റ് നടത്തണം. ഇത്തരം ടെസ്റ്റുകള്‍ക്ക് അപേക്ഷകന്‍ കൊണ്ടുവരുന്ന യോജ്യമായ വാഹനങ്ങള്‍ ഉപയോഗിക്കാം.

കാലാവധി കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷം പുതുക്കുന്ന ലൈസന്‍സുകള്‍ക്കായി കേന്ദ്ര മോട്ടര്‍ വാഹന ചട്ടപ്രകാരമുള്ള രേഖകളും ഫീസും പിഴയും സമര്‍പ്പിക്കണം. ഇവര്‍ക്കും അപേക്ഷ നല്‍കിയാല്‍ ടെസ്റ്റ് ഇല്ലാതെ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. പ്രായോഗികക്ഷമതാ പരിശോധനയ്ക്ക് 30 ദിവസം എന്ന നിബന്ധന ഇവര്‍ക്കും ഒഴിവാക്കി. എന്നാല്‍ പാര്‍ട്ട് 1 (8, എച്ച്) പാര്‍ട്ട് 2 (റോഡ്) ടെസ്റ്റുകള്‍ പാസായാല്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com