'വറ്റിവരണ്ട ഈ തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടത്'; വിഎസിനെ ആക്ഷേപിച്ച് കെ സുധാകരന്‍

90 ൽ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് മലബാറിലുണ്ട്
'വറ്റിവരണ്ട ഈ തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടത്'; വിഎസിനെ ആക്ഷേപിച്ച് കെ സുധാകരന്‍

വിഎസ് അച്യുതാനന്ദനെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. 'വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്ന് ആരാഞ്ഞ സുധാകരന്‍  തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും പരിഹസിച്ചു. പത്തുകോടി ചെലവഴിച്ചതിലൂടെ എന്ത് നേട്ടമാണ് ഈ കേരളത്തിന് കിട്ടിയതെന്നും കെ സുധാകരന്‍ ചോദിച്ചു. വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുധാകരന്റെ വിവാദപരമാര്‍ശം.

ഇതാദ്യമായല്ല കെ സുധാകരന്‍ നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്റെ പ്രചാരണ  വിഡിയോയ്ക്ക് നേരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ ശ്രീമതി ടീച്ചറെ വിമര്‍ശിക്കുന്ന വീഡിയോയില്‍ സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ സുപ്രീം കോടതി ജ!ഡ്ജിമാര്‍ക്കെതിരെയും കെ സുധാകരന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിധി പറയുമ്പോള്‍ അത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ജ!ഡ്ജിമാര്‍ ചിന്തിക്കണമെന്ന് പറഞ്ഞ സുധാകരന്‍ ദാമ്പത്യേതര ബന്ധവും സ്വവര്‍ഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട വിധികളെ അടക്കം ആക്ഷേപിച്ചിരുന്നു. 'ദാമ്പത്യേതര ബന്ധം നിയമാനുസൃതമാണെന്ന് പറഞ്ഞ ജഡ്ജി വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നത് കണ്ടാല്‍ എന്താണ് തോന്നുക' എന്ന് ചോദിച്ച കെ സുധാകരന്‍ വിധി പ്രഖ്യാപിച്ച ജഡ്ജി സമൂഹത്തോട് അനീതിയാണ് കാട്ടിയതെന്നായിരുന്നു അന്ന് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com