സഹായം വാങ്ങിയവരുടെ സ്വകാര്യതയും അഭിമാനവുമൊക്കെ മാനിക്കുന്നതുകൊണ്ടാണ് പോസ്റ്ററടിച്ച് പരസ്യപ്പെടുത്താത്തത്: ഫിറോസിന് എതിരെ വിമര്‍ശനം കടുക്കുന്നു, കുറിപ്പ്

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്
സഹായം വാങ്ങിയവരുടെ സ്വകാര്യതയും അഭിമാനവുമൊക്കെ മാനിക്കുന്നതുകൊണ്ടാണ് പോസ്റ്ററടിച്ച് പരസ്യപ്പെടുത്താത്തത്: ഫിറോസിന് എതിരെ വിമര്‍ശനം കടുക്കുന്നു, കുറിപ്പ്

നിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഫിറോസ് കുന്നംപറമ്പിലും സാമൂഹികസുരക്ഷാ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും തമ്മിലുള്ള ഫേയ്‌സ്ബുക്ക് പോര് മുറുകുന്നതിന് പിന്നാലെ ചാരിറ്റി പ്രവര്‍ത്തകനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്.

സര്‍ക്കാര്‍ ഡോക്ടര്‍മാരും അധ്യാപകരും ബസ് ഡ്രൈവര്‍മാരുമടക്കം നിരവധിപേര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതൊന്നും നാട്ടുകാരറിയില്ലെന്നും പാടി നടക്കാറില്ലെന്നും ഡോ. നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളും മറ്റും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ചെറിയ ലിസ്റ്റ് ചൂണ്ടിക്കാട്ടി കൊണ്ടാണ് നെല്‍സണ്‍ ജോസഫിന്റെ വിമര്‍ശനം. 

'ഒരു വര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും ഒ. പിയില്‍ ചികില്‍സ തേടി വരുന്നത് ലക്ഷങ്ങളാണ്. അഡ്മിറ്റാവുന്നത് അതുപോലെതന്നെയുണ്ട്.. പോസ്റ്ററടിക്കാത്തതാണ്..മിക്കപ്പൊഴും അതിന്റെ വലിപ്പം നമ്മളാരും അറിയാറില്ല.ഒരു വര്‍ഷത്തെ ഒരു ലക്ഷം അഡ്മിഷനില്‍ വിവാദമാവുന്ന ഒന്നോ രണ്ടോ ആളുകള്‍ ശ്രദ്ധിക്കും..തെറിവിളിക്കും..ഓഡിറ്റ് ചെയ്യും.. ഇടയ്ക്കിടെ മാത്രം കേള്‍ക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ശസ്ത്രക്രിയകളെക്കുറിച്ച് വരുന്ന പത്രവാര്‍ത്തകള്‍ എല്ലാ ഡോക്ടര്‍മാരുടെ ഇടയില്‍പ്പോലും എത്തണമെന്നില്ല. ശരി അതൊക്കെ അപൂര്‍വ സംഭവമാണെന്ന് വയ്ക്കാം...സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ നൂറ് കണക്കിനു ശസ്ത്രക്രിയകളാണ് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമായി നടന്നുവരുന്നത്. ചെയ്യുന്നവര്‍ പ്രശസ്തരല്ല, പ്രമുഖരല്ല...
കാരണം, ഇന്ന് മൂന്ന് തൈറോയ്ഡ് സര്‍ജറി നടത്തിയെന്നോ ഒരു അപ്പന്‍ഡിസെക്റ്റമി കഴിഞ്ഞെന്നോ അവരാരും പോസ്റ്റിട്ട് പറയാറില്ല.ശരി, ഇതൊക്കെ അവരുടെ കടമയാണ്. സമ്മതിച്ചു. അവര്‍ക്ക് ശമ്പളവും കിട്ടുന്നുണ്ട്. മറുഭാഗത്തും പ്രതിഫലം കിട്ടുന്നത് മറക്കേണ്ട..'- അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 

നെല്‍സണ്‍ ജോസഫിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

ആയിരം പേരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയശേഷം മാത്രം പറഞ്ഞുതുടങ്ങുന്ന ഫേസ്ബുക് ലൈവ് അല്ലാത്തതുകൊണ്ടും ഷെയര്‍ ചെയ്ത് എത്തിക്കാന്‍ ആരാധകവൃന്ദമില്ലാത്തതുകൊണ്ടും എത്രപേര്‍ ഇത് കാണുമെന്ന് അറിയില്ല. എന്നാലും ഒരു അഞ്ച് മിനിറ്റെടുത്ത് ഒന്ന് വായിച്ചുപോയാല്‍ നന്നായിരിക്കും.

ഒരു സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത് സെന്ററില്‍ 200-300 ഒ.പി നോക്കുന്ന ഒറ്റ ഡോക്ടര്‍ എന്ന് പറയുന്നത് ഈ കേരളത്തില്‍ ഒരു അദ്ഭുത സംഭവമല്ല. സാധാരണമായ ഒന്നാണ്.അവിടെ രോഗികളെ നോക്കുന്ന, വെറും അഞ്ച് വര്‍ഷം സര്‍വീസുള്ള ഒരു സര്‍ക്കാര്‍ ഡോക്ടര്‍ രണ്ടര ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയില്‍ രോഗികളെ സുഖമാക്കിയിട്ടുണ്ടാവും. വെറും രണ്ട് രൂപ ഒ.പി ടിക്കറ്റില്‍.സുഖമാക്കിയ രോഗികളുടെ ലൈവ് ഇടാത്തതുകൊണ്ട് ആരും അറിഞ്ഞെന്ന് വരില്ല.

ഞാന്‍ പഠിച്ച കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത് അഞ്ചോളം ഹൃദയമാറ്റ ശസ്ത്രക്രിയകളാണ്. അതും വലിയ പരിമിതികളുടെ നടുവില്‍ നിന്നുകൊണ്ട്.അതേ മെഡിക്കല്‍ കോളജില്‍ 165ല്‍ അധികം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നുകഴിഞ്ഞു. കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങിന്റെ വെബ് സൈറ്റില്‍ ഏറ്റവും കൂടുതല്‍ വൃക്കയ്ക്കായി കാത്തിരിക്കുന്നവരുള്ള ആശുപത്രികളിലൊന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാണ്.

അതും നാട്ടുകാരറിയില്ല...കാരണം അവരാരും ലൈവില്‍ വന്നിട്ടില്ല.

ആന്‍ജിയോപ്ലാസ്റ്റിയുടെ കണക്കെടുത്താല്‍ ആയിരങ്ങള്‍ വരും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടന്നുപോന്നിട്ടുള്ള പ്രൊസീജ്യറുകളുടെ എണ്ണം. അവയെക്കുറിച്ചൊന്നും കൊട്ടിഘോഷിക്കാനോ പരസ്യം നല്‍കാനോ അവര്‍ക്കധികം താല്പര്യമില്ലാത്തതുകൊണ്ട് ആരും അറിഞ്ഞെന്ന് വരില്ല.

ഒരിക്കലെങ്കിലും ഒരു സര്‍ക്കാരാശുപത്രി നല്‍കിയ സഹായം ഏറ്റ് വാങ്ങിയ ആരെങ്കിലുമില്ലാത്ത കേരളത്തിലങ്ങോളമിങ്ങാളമുള്ള പഞ്ചായത്ത് വാര്‍ഡുകളില്‍ ഒന്നുപോലും കാണില്ല. ഒരു വര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും ഒ. പിയില്‍ ചികില്‍സ തേടി വരുന്നത് ലക്ഷങ്ങളാണ്. അഡ്മിറ്റാവുന്നത് അതുപോലെതന്നെയുണ്ട്.. പോസ്റ്ററടിക്കാത്തതാണ്..മിക്കപ്പൊഴും അതിന്റെ വലിപ്പം നമ്മളാരും അറിയാറില്ല..ഒരു വര്‍ഷത്തെ ഒരു ലക്ഷം അഡ്മിഷനില്‍ വിവാദമാവുന്ന ഒന്നോ രണ്ടോ ആളുകള്‍ ശ്രദ്ധിക്കും..തെറിവിളിക്കും..ഓഡിറ്റ് ചെയ്യും..
ഇടയ്ക്കിടെ മാത്രം കേള്‍ക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ശസ്ത്രക്രിയകളെക്കുറിച്ച് വരുന്ന പത്രവാര്‍ത്തകള്‍ എല്ലാ ഡോക്ടര്‍മാരുടെ ഇടയില്‍പ്പോലും എത്തണമെന്നില്ല. ശരി അതൊക്കെ അപൂര്‍വ സംഭവമാണെന്ന് വയ്ക്കാം...

സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ നൂറ് കണക്കിനു ശസ്ത്രക്രിയകളാണ് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമായി നടന്നുവരുന്നത്. ചെയ്യുന്നവര്‍ പ്രശസ്തരല്ല, പ്രമുഖരല്ല...കാരണം, ഇന്ന് മൂന്ന് തൈറോയ്ഡ് സര്‍ജറി നടത്തിയെന്നോ ഒരു അപ്പന്‍ഡിസെക്റ്റമി കഴിഞ്ഞെന്നോ അവരാരും പോസ്റ്റിട്ട് പറയാറില്ല.ശരി, ഇതൊക്കെ അവരുടെ കടമയാണ്. സമ്മതിച്ചു. അവര്‍ക്ക് ശമ്പളവും കിട്ടുന്നുണ്ട്. മറുഭാഗത്തും പ്രതിഫലം കിട്ടുന്നത് മറക്കേണ്ട..

അതെ, ആ പ്രതിഫലം കൊണ്ട്  കൃത്യമായി ആദായനികുതിയും പ്രഫഷണല്‍ ടാക്‌സും അടച്ചശേഷം സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ പ്രതിഫലം കൊണ്ട് സ്‌കൂളില്‍ പോവുന്ന കുട്ടികള്‍ക്ക് സ്ഥിരമായി പഠനവസ്തുക്കള്‍ക്ക് ആവശ്യമായ പണം നല്‍കുന്ന, ചികില്‍സാ സഹായം നല്‍കുന്ന സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ നേരിട്ടറിയാം..

എങ്കിലും നമുക്ക് അതൊക്കെ മാറ്റിവയ്ക്കാം. മെഡിക്കല്‍ സ്റ്റുഡന്റ്‌സിലേക്ക് വരാം..സഞ്ജീവനിയും സാന്ത്വനവും പോലെയുള്ള പരിപാടികളിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് തൊട്ട് ഗൃഹനാഥര്‍ കിടപ്പിലായ വീടുകള്‍ക്കുള്ള സഹായം വരെ ചെയ്യുന്നത് ആരും അറിയണമെന്നില്ല. കാരണം സിമ്പിളാണ്..ആരെയെങ്കിലും അറിയിക്കാനാവില്ല ചെയ്യുന്നത്..

മെഡക്‌സ് പോലെയുള്ള എക്‌സിബിഷനുകളില്‍ ലഭിച്ച ലക്ഷങ്ങളുടെ തുകകൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പഠനമുറികള്‍ തൊട്ട് നന്നാക്കിയതും സര്‍ജിക്കല്‍ ലൈറ്റ് നല്‍കിയതുമൊക്കെ അതുപോലെ കാലം മറക്കുന്ന, മരുന്നുമാഫിയക്കാരുടെ ചെയ്തികളാണ്.
ഒരു ഡോക്ടറായതുകൊണ്ട് ഡോക്ടര്‍മാരുടെ കാര്യങ്ങളെഴുതിയെന്നേയുള്ളൂ..

കുട്ടികള്‍ക്ക് മുതല്‍ ചികില്‍സയ്ക്കും മരുന്നിനും സഹായം ലഭിക്കുന്ന, അല്ലെങ്കില്‍ താങ്ങുന്ന ഭാരം കുറയ്ക്കാന്‍ കൈത്താങ്ങ് നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. അഞ്ച് കൊല്ലം കഴിഞ്ഞാല്‍ അതൊക്കെ തീരും, മരം എന്നുമുണ്ടാവും എന്ന അബദ്ധമൊക്കെ വരുന്നത് എവിടെനിന്നാണോ ആവോ..

അവയും സഹായം വാങ്ങിയവരുടെ സ്വകാര്യതയും അഭിമാനവുമൊക്കെ മാനിക്കുന്നതുകൊണ്ടുകൂടിയാവണം , പോസ്റ്ററടിച്ച് പരസ്യപ്പെടുത്താത്തതുകൊണ്ട് പിന്നെയും ആ ചോദ്യം കേള്‍ക്കേണ്ടിവരുന്നു...

' നീയൊക്കെ അഞ്ച് പൈസേടെ ഉപകാരം ആര്‍ക്കേലും ചെയ്തിട്ട് വിമര്‍ശിക്കെടാ ' എന്ന്.

സ്വയം അദ്ധ്വാനിച്ച പണത്തില്‍ നിന്ന് ഒരു ഫേസ്ബുക്കിലുമിടാതെ ഇടതുകൈ തന്നത് വലതുകൈ അറിയാതെ വീഡിയോയോ തെളിവുകളോ ഒന്നുമില്ലാതെ എത്രയോ പേര്‍ സഹായിച്ചതുകൊണ്ടാണ് ഇതെഴുതാന്‍ ഞാനുമുണ്ടായതെന്ന് ഓര്‍മയുണ്ട്..

നഴ്‌സുമാര്‍, അദ്ധ്യാപകര്‍, െ്രെപവറ്റ് ബസ് െ്രെഡവര്‍മാര്‍...അങ്ങനെ എത്രയെത്ര പേര്‍...സ്വന്തം വൃക്ക തൊട്ട് ദാനം ചെയ്തവരുണ്ട്..ദുരിതമൊടുങ്ങില്ലെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്ത ലൈംഗികത്തൊഴിലാളിയുണ്ട്..

പറഞ്ഞുവന്നത് ഇതാണ്..

മുഖവും പ്രശസ്തിയും സാമ്പത്തികലാഭവും പ്രതീക്ഷിക്കാതെ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തപോലെ പരസഹായം ചെയ്യുന്നവരുടെ ഇടയിലാണ് നിങ്ങളൊക്കെ ജീവിക്കുന്നത്...

വിളിച്ചുപറയാതെ ഉള്ള വഴിപാടാണെങ്കിലും ഫലമുള്ളതാണ് അതും..

ചോദ്യം ചെയ്യലുമായി ഇറങ്ങുമ്പൊ മറക്കണ്ട...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com