സിപിഐ ഉണ്ടായത് എന്ന്? 1920ല്‍ എന്ന് സിപിഎം, അല്ലെന്ന് സിപിഐ; ശതാബ്ദിയിലും തീരാതെ തര്‍ക്കം

സിപിഐ ഉണ്ടായത് എന്ന്? 1920ല്‍ എന്ന് സിപിഎം, അല്ലെന്ന് സിപിഐ; ശതാബ്ദിയിലും തീരാതെ തര്‍ക്കം
സിപിഐ ഉണ്ടായത് എന്ന്? 1920ല്‍ എന്ന് സിപിഎം, അല്ലെന്ന് സിപിഐ; ശതാബ്ദിയിലും തീരാതെ തര്‍ക്കം

തിരുവനന്തപുരം: ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് എന്ന്? രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണ് ഇന്ത്യയിലെ മുന്‍നിര കമ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും. 1920ല്‍ ആണ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതെന്ന് സിപിഎം പറയുമ്പോള്‍ സിപിഐയുടെ കണക്കില്‍ അത് അഞ്ചു വര്‍ഷത്തിനും ശേഷമാണ്.

1920 ഒക്ടോബര്‍ പതിനേഴിന് താഷ്‌കന്റിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതെന്ന് വിശ്വസിക്കുന്ന സിപിഎം ഇന്നു മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. താഷ്‌കന്റില്‍ വച്ച് എംഎന്‍ റോയിയുടെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങളുമായാണ് പാര്‍ട്ടി രൂപീകരിച്ചതെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ രണ്ടാം കോണ്‍ഗ്രസിനോട് അനുബന്ധിച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതെന്നാണ് സിപിഎം പക്ഷം.

താഷ്‌കന്റില്‍ രൂപീകരിച്ചത് സിപിഐ അല്ലെന്നാണ്, സിപിഐ നേതാക്കള്‍ പറയുന്നത്. സിപിഐ രൂപീകരിക്കപ്പെട്ടത് 1925ല്‍ കാണ്‍പുരില്‍ ആണെന്ന് അവര്‍ പറയുന്നത്. 1925ല്‍ കാണ്‍പൂരിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ് നടന്നത്. പാര്‍ട്ടിക്ക് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു പേരിടണോ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ എന്നു പേരിടണോ എന്നതു വലിയ ചര്‍ച്ചയായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം 1921ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഉറുദു എഴുത്തുകാരന്‍ മൗലാന ഹസ്രത് മഹാനി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വീക്ഷണം മുന്നോട്ടുവച്ചതിനു രേഖയുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. പൂര്‍ണ സ്വരാജ് എന്നതായിരുന്നു തുടക്കം മുതല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com