'സെക്രട്ടേറിയറ്റിലെ പരിഷ്‌കാരികളുടെ മുട്ടുകാല് തല്ലിയൊടിക്കും'; മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭരണപക്ഷ സംഘടനയുടെ ഭീഷണി

സെക്രട്ടേറിയറ്റില്‍ പരിഷ്‌ക്കാരങ്ങള്‍ തുടര്‍ന്നാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ നോട്ടീസ്.
'സെക്രട്ടേറിയറ്റിലെ പരിഷ്‌കാരികളുടെ മുട്ടുകാല് തല്ലിയൊടിക്കും'; മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭരണപക്ഷ സംഘടനയുടെ ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പരിഷ്‌ക്കാരങ്ങള്‍ തുടര്‍ന്നാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ നോട്ടീസ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയും അസോസിയേഷന്‍ ഭാരവാഹികളും അടങ്ങിയ കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെയാണ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെഎന്‍ അശോക് കുമാര്‍ പേരു വച്ച് പ്രസിദ്ധീകരിച്ച നോട്ടീസില്‍ കടുത്തഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രിക്കെതിരായ നിഴല്‍യുദ്ധമാണെന്നും തുടരരുതെന്നും ആവശ്യപ്പെട്ട് മറ്റ് ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.

കെഎഎസ് നടപ്പാക്കാനും, പഞ്ചിംഗ് കര്‍ശനമാക്കാനും ഇ ഫയല്‍ നിലവില്‍ വന്നശേഷം ജോലിയില്ലാതായ തസ്തികകള്‍ പുനര്‍വിന്യസിക്കാനും പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടിസിലൂടെ ഭീഷണി. ഭരണപരിഷ്‌കാരങ്ങള്‍ സെക്രട്ടേറിയറ്റില്‍ തന്നെ ആദ്യം നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെതുടര്‍ന്ന് ഒട്ടനവധി തീരുമാനങ്ങള്‍ പൊതുഭരണവകുപ്പ് നടപ്പിലാക്കിയിരുന്നു.

പരിഷ്‌കാരങ്ങള്‍ സംഘടനാ നേതാക്കളുടെ പ്രസക്തി കുറയ്ക്കും എന്നതിനാല്‍ ഇടതു സംഘടന ഇവയെ എതിര്‍ത്തു. പൊതുഭരണ സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും തീരുമാനങ്ങളുമായി മുന്നോട്ടു പോയതാണ് ഇവരെ ചൊടിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളത്തില്‍, ഹാജരാകാത്തതും വൈകിയതുമായ ദിവസങ്ങളിലെ ശമ്പളം കുറച്ചതും ജീവനക്കാരെ പ്രകോപിപ്പിച്ചു. ഇതെല്ലാം തുഗ്ലക് പരിഷ്‌ക്കാരങ്ങളാണെന്നാണ് കുറ്റപ്പെടുത്തല്‍.

ആശ്രിതനിയമനം പോലെ പിന്‍വാതിലിലൂടെ ഉദ്യോാഗം ലഭിച്ചവര്‍ക്ക് ജീവനക്കാരുടെ താല്‍പര്യം മനസിലാകുന്നില്ലെന്നും നോട്ടീസില്‍ പരിഹസിക്കുന്നുണ്ട്. നോട്ടീസിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും പരാതിയെത്തിയിട്ടുണ്ട്. രണ്ടാം തവണയാണ് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ഭരണകക്ഷി സംഘടന നോട്ടീസിറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com