ഉറ്റസുഹൃത്ത് റാണി പൊലീസിന് മുന്നില്‍ ഹാജരായി ; ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയും ?

എന്‍ഐടിക്ക് അടുത്ത് തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണിയും ജോളിയും തമ്മിലുള്ള ഉറ്റബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു
ഉറ്റസുഹൃത്ത് റാണി പൊലീസിന് മുന്നില്‍ ഹാജരായി ; ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയും ?


കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്തായ യുവതി റാണി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. വടകര റൂറല്‍ എസ്പി ഓഫീസിലാണ് റാണി എത്തിയത്. തലശ്ശേരിയില്‍ നിന്നും രണ്ടു പേരോടൊപ്പം ഓട്ടോറിക്ഷയിലാണ് അതീവരഹസ്യമായി റാണി റൂറല്‍ എസ്പി ഓഫീസില്‍ എത്തിയത്. കൊയിലാണ്ടിയിലാണ് റാണിയുടെ വീട്. എന്നാല്‍ തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു റാണി ഇത്രയും ദിവസമെന്നാണ് സൂചന. റാണിയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. കൊലപാതകങ്ങളെക്കുറിച്ച്  റാണിക്ക് അറിവുണ്ടോ എന്നും, ജോളിയുടെ എന്‍ഐടി നാടകത്തെക്കുറിച്ചും റാണിയില്‍ നിന്നും നിര്‍ണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. 

എന്‍ഐടിക്ക് അടുത്ത് തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണിയും ജോളിയും തമ്മിലുള്ള ഉറ്റബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.  പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് റാണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഫോണില്‍ റാണിക്കൊപ്പമുള്ള ജോളിയുടെ നിരവധി ചിത്രങ്ങളുണ്ടായിരുന്നു. ഇതോടെ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ റാണിയെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ജോളി മൗനം പാലിച്ചത് അന്വേഷണസംഘത്തിന് ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്തു. 

റാണിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ, ജോളിയുടെ എന്‍ഐടി ബന്ധങ്ങളുടെ ചുരുളഴിക്കാനാകുമെന്ന് പൊലീസ് കരുതുന്നു. റാണി ജോലി ചെയ്തിരുന്ന ഈ തയ്യല്‍ക്കട ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനും ഈ യുവതി ജോളിക്കൊപ്പം  എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com