കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം; ഈ മാസം അതിരൂക്ഷം

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തില്‍ മാത്രം കണക്കാക്കുന്നത്.
കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം; ഈ മാസം അതിരൂക്ഷം

തിരുവനന്തപുരം: രാജ്യത്തൊട്ടാകെയുള്ള സാമ്പത്തികമാന്ദ്യം കേരളത്തെയും പിടിമുറുക്കുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ചരക്ക്‌സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ വരാത്ത മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നുള്ള നികുതിവരുമാനത്തില്‍ വലിയ കുറവാണ് നേരിടുന്നത്. 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തില്‍ മാത്രം കണക്കാക്കുന്നത്. മാന്ദ്യം സംസ്ഥാനത്ത് പിടിമുറുക്കുന്നതിന്റെ സൂചനയായി ധനവകുപ്പ് ഇതിനെ വിലയിരുത്തുന്നു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസം സംസ്ഥാനത്ത് വാണിജ്യ നികുതി വരുമാന വളര്‍ച്ചയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. 

ദൈനംദിന ചെലവുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് മുന്‍കൂറായി പണമെടുക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതിന് പുറമെ ഈയിടെ പലഘട്ടത്തിലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായിട്ടുണ്ട്. ഈ മാസം സ്ഥിതി അങ്ങേയറ്റം രൂക്ഷമാണ്. രണ്ട് ദിവസം ഓവര്‍ ഡ്രാഫ്റ്റിലായി. പതിവ് ചെലവുകള്‍ക്കുപുറമേ 1994ലെടുത്ത ഒരു വായ്പയുടെ മുതല്‍ ഇനത്തില്‍ 2200 കോടി അടയ്‌ക്കേണ്ടിവന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

പണത്തിന് ഞെരുക്കമുള്ളപ്പോള്‍ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് 'വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്' എന്നനിലയില്‍ റിസര്‍വ് ബാങ്കില്‍നിന്ന് മുന്‍കൂറായി 1500 കോടിരൂപവരെ എടുക്കാനാകും. ഇതില്‍ക്കൂടുതലെടുത്താല്‍ ഓവര്‍ ഡ്രാഫ്റ്റാവും. 

മുന്‍കൂറായി എടുത്ത മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭിക്കും. എന്നാല്‍, പരമാവധി അഞ്ചുദിവസത്തിനകം ഓവര്‍ ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കഴിയുന്നതിനാല്‍ ട്രഷറി സ്തംഭിക്കുന്ന സാഹചര്യമില്ല. ട്രഷറിയിലെ ഇടപാടുകള്‍ ഭാവിയിലും സ്തംഭിക്കില്ലെന്ന് ധനവകുപ്പ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com