'കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചു'; അഭയ കേസില്‍ നിര്‍ണായക മൊഴി രേഖപ്പെടുത്തി

സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതാണെന്ന സിബിഐ കണ്ടെത്തലുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് ലളിതാംബിക എത്തിയത്
'കന്യകയാണെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചു'; അഭയ കേസില്‍ നിര്‍ണായക മൊഴി രേഖപ്പെടുത്തി


തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടാം പ്രതി സെഫിയ്‌ക്കെതിരേ നിര്‍ണായക മൊഴി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ മേധാവി ഡോ. ലളിതാംബികയുടെ മൊഴിയാണ് അടച്ചിട്ട മുറിയില്‍ കോടതി രേഖപ്പെടുത്തിയത്. സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതാണെന്ന സിബിഐ കണ്ടെത്തലുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് ലളിതാംബിക എത്തിയത്. എന്നാല്‍ പ്രതിയുടെ സ്വകാര്യതയെ മാനിക്കണമെന്ന പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടച്ചിട്ട മുറിയില്‍ ഡോക്ടറുടെ മൊഴിയെടുത്തത്.

സിസ്റ്റര്‍ അഭയ കൊലക്കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുമ്പ് രണ്ടാം പ്രതി സിസ്റ്റര്‍ സെഫി കേരളത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിച്ചെന്ന സിബിഐയുടെ കണ്ടെത്തല്‍ സംബന്ധിച്ച് മൊഴി നല്‍കാനാണ് പ്രോസിക്യൂഷന്‍ 19ാം സാക്ഷിയായ ഡോ. ലളിതാംബിക കോടതിയില്‍ എത്തിയത്.

രാവിലെ പത്തിന് ആരംഭിച്ച വിസ്താരം ഉച്ചക്ക് രണ്ടുമണിവരെ തുടര്‍ന്നു. അഭയ കൊലക്കേസിലെ പ്രതികളായ തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളുടെ നുണപരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറന്‍സിക് വകുപ്പ് ഡോക്ടര്‍മാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാന്‍ കഴിയില്ലെന്നുകാണിച്ച് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ശനിയാഴ്ച വിധി പറയും. അഭയ കൊലക്കേസിലെ രണ്ടാംഘട്ട വിചാരണ തീയതി തീരുമാനിച്ചപ്പോള്‍ മുതല്‍ പ്രതിഭാഗം എതിര്‍പ്പുമായി വന്നിരുന്നു. രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പല സാക്ഷികളും പ്രതികളുടെ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com