കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23 ലക്ഷം തട്ടിയെടുത്തു; ക്ലര്‍ക്ക് അറസ്റ്റില്‍

ഉല്ലാസ്‌മോനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോട്ടയം കളക്ടര്‍ പി.കെ.സുധീര്‍ബാബു നിര്‍ദേശം നല്‍കി
ullasmon
ullasmon

കോട്ടയം; കളക്ടറുടെ അക്കൗണ്ടില്‍ അടയ്‌ക്കേണ്ട 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്ലര്‍ക്ക് അറസ്റ്റില്‍. പാലാ തിടനാട് കരിപ്പോട്ടപ്പറമ്പില്‍ കെ.ആര്‍.ഉല്ലാസ്‌മോനെയാണ്(39) അറസ്റ്റ് ചെയ്തത്. കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചനപദ്ധതി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ(ഭൂമിയേറ്റെടുക്കല്‍) ഓഫീസില്‍ നിന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഉല്ലാസ്‌മോനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോട്ടയം കളക്ടര്‍ പി.കെ.സുധീര്‍ബാബു നിര്‍ദേശം നല്‍കി.

ഈ മാസം ഒന്‍പതിനും 15നും ഇടയില്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നാല് കേസുകളിലായി കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപയാണ് ജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെടുത്തത്. തട്ടിയെടുത്ത പണം ഉടന്‍തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് വിവരം.ക്രമക്കേട് സംബന്ധിച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ആര്‍.രാമചന്ദ്രന്‍ കടുത്തുരുത്തി പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ പുത്തന്‍കാവ് പുന്നയ്ക്കാവെളിയിലുള്ള വീട്ടില്‍നിന്നാണ് ഇയാളെ  കസ്റ്റഡിയിലെടുത്തത്.

കോട്ടയം റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്നതിനിടെ ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട പണം സമാനരീതിയില്‍ തിരിമറി നടത്തിയെന്ന കേസില്‍ 2014ല്‍ ഈരാറ്റുപേട്ട പോലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായി. പത്തോളം ബാങ്കുകളില്‍ ഇയാള്‍ക്ക് അക്കൗണ്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കക്ഷികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇറിഗേഷന്‍ വകുപ്പ് നല്‍കുന്നതനുസരിച്ച് കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. അടുത്തിടെ ഇത്തരത്തില്‍ കളക്ടറുടെ അക്കൗണ്ടിലേക്ക് അയച്ച 23 ലക്ഷത്തോളം രൂപ അവിടെ ലഭിച്ചിരുന്നില്ല.

ജീവനക്കാര്‍ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജോലികളില്‍ മുഴുകിയിരുന്ന സമയത്ത് നടന്ന ഇടപാടിലെ തുകയാണ് ലഭിക്കാതിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ചാണ് ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കുന്നത്. ഇത് ദുരുപയോഗം ചെയ്ത് ഉല്ലാസ്‌മോന്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com