കോന്നിയില്‍ യുഡിഎഫിന് ചങ്കിടിപ്പ്; കൊട്ടിക്കലാശത്തില്‍ നിന്ന് അടൂര്‍ പ്രകാശ് വിട്ടുനിന്നു

കോന്നി മണ്ഡലത്തില്‍ യുഡിഎഫ് നടത്തിയ കലാശക്കൊട്ടില്‍ അടൂര്‍ പ്രകാശ് എംപി പങ്കെടുത്തില്ല
കോന്നിയില്‍ യുഡിഎഫിന് ചങ്കിടിപ്പ്; കൊട്ടിക്കലാശത്തില്‍ നിന്ന് അടൂര്‍ പ്രകാശ് വിട്ടുനിന്നു

പത്തനംതിട്ട: കോന്നി മണ്ഡലത്തില്‍ യുഡിഎഫ് നടത്തിയ കലാശക്കൊട്ടില്‍ അടൂര്‍ പ്രകാശ് എംപി പങ്കെടുത്തില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ അടൂര്‍ പ്രകാശും നേതൃത്വവും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. പി.മോഹന്‍രാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം താന്‍ അറിഞ്ഞില്ലെന്ന് തുറന്നു പറയുകയും ചെയ്തു. പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥി ആക്കാത്തതിലുള്ള നീരസമായിരുന്നു അടൂര്‍പ്രകാശിന്. കോന്നിയില്‍ കലാശക്കൊട്ടിനിടെ അനുവദിച്ച സ്ഥലത്തു നിന്നു പുറത്തു പോയതിനെത്തുടര്‍ന്നു യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിവീശിയതിനെത്തുടര്‍ന്നു നേതാക്കളെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു.

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് ആവേശകരമായി സമാപിച്ചു. പ്രചാരണാവേശം കൊടുമുടിയേറ്റി മുന്നണികളുടെ പ്രവര്‍ത്തകര്‍ മണ്ഡലങ്ങളുടെ വിവിധകേന്ദ്രങ്ങളില്‍ കളം നിറഞ്ഞു. മുന്‍നിര നേതാക്കളെ ഒപ്പം കൂട്ടിയായിയിരുന്നു സ്ഥാനാര്‍ഥികളുടെ അവസാനവട്ട റോഡ് ഷോ. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ മത്സരവീര്യം പ്രകടമാക്കിയായിരുന്നു കലാശക്കൊട്ട്. അരൂരിലും എറണാകുളത്തും പ്രധാനകേന്ദ്രങ്ങളില്‍ മുന്നണികള്‍ ആവേശത്തോടെ പ്രചാണത്തിന് അവസാനം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com