ജലീലിനെ തള്ളി കോടിയേരി ; നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് യുഡിഎഫ് ശൈലി ; മാര്‍ക്ക് ദാന വിവാദം പാര്‍ട്ടി പരിശോധിക്കും

മാര്‍ക്കുദാന തീരുമാനം എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടേതാണ്. വിസിയുടെ തീരുമാനം അദാലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു
ജലീലിനെ തള്ളി കോടിയേരി ; നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് യുഡിഎഫ് ശൈലി ; മാര്‍ക്ക് ദാന വിവാദം പാര്‍ട്ടി പരിശോധിക്കും

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെ പിന്തുണയ്ക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ മന്ത്രി ജലീലിന്റെ ആരോപണത്തിലാണ് കോടിയേരി പരോക്ഷ അതൃപ്തി പ്രകടിപ്പിച്ചത്. നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് യുഡിഎഫ് ശൈലിയാണ്.  നേതാക്കളുടെ കുടുംബാംഗങ്ങളെ ആരോപണത്തിലേക്ക് വലിച്ചിഴക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. 

മാര്‍ക്കുദാന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. മാര്‍ക്കുദാന തീരുമാനം എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടേതാണ്. വിസിയുടെ തീരുമാനം അദാലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. മോഡറേഷന്‍ നല്‍കാന്‍ വിസിക്ക് അദികാരമുണ്ട്. മോഡറേഷനാണ് മാര്‍ക്ക് ദാനമായി ചിത്രീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

ഈ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കളുടെ അഭിപ്രായവും കോടിയേരി തള്ളിക്കളഞ്ഞു. അദാലത്താണ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന രാജന്‍ ഗുരുക്കളുടെ അഭിപ്രായം ശരിയല്ല. വിസിയാണ് തീരുമാനമെടുത്തത്. ഈ തീരുമാനം അദാലത്ത് അംഗീകരിക്കുകയായിരുന്നെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

കേരളത്തില്‍ മതവികാരം ഇളക്കിവിടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇതിന് ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കും. എന്‍എസ്എസ് കേരളത്തിലെ പ്രബല സമുദായ സംഘടനയാണ്. അവരെ ആരും പ്രകോപിപ്പിക്കുന്നില്ല. എന്‍എസ്എസ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് ഇടപെടുകയായിരുന്നു വേണ്ടതെന്നും കോടിയേരി പറഞ്ഞു. നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്ന കാലത്ത് ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറായിട്ടില്ല എന്ന കാര്യവും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com