നാട്ടിലെ പിള്ളേരെല്ലാം ദിവസവും സഞ്ചരിക്കുന്നത് പുത്തന്‍ സൈക്കിളില്‍; രഹസ്യം കണ്ടെത്തി പൊലീസ്; അമ്പരന്ന് നാട്ടുകാര്‍; അറസ്റ്റ്

സൈക്കിള്‍ ഭ്രമത്തിനു പിന്നിലെ രഹസ്യം ഇന്നലെ പൊലീസ് കണ്ടെത്തിയതോടെ നാട്ടുകാര്‍ ആകെ അമ്പരപ്പിലാണ്
നാട്ടിലെ പിള്ളേരെല്ലാം ദിവസവും സഞ്ചരിക്കുന്നത് പുത്തന്‍ സൈക്കിളില്‍; രഹസ്യം കണ്ടെത്തി പൊലീസ്; അമ്പരന്ന് നാട്ടുകാര്‍; അറസ്റ്റ്

ചങ്ങനാശേരി: നാട്ടിലെ കുട്ടികള്‍ ദിവസവും പുതിയ സൈക്കിളില്‍ സഞ്ചരിക്കുന്നു. എവിടെത്തിരിഞ്ഞാലും റോഡില്‍ പുതുപുത്തന്‍ സൈക്കിളുകള്‍ മാത്രം. 

പായിപ്പാട് വെങ്കോട്ട ഭാഗത്ത് 12 മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ ദിവസവും പല മോഡലുകളിലുള്ള പുതിയ സൈക്കിളില്‍ പായുന്നതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിലെ ചര്‍ച്ച. സൈക്കിള്‍ ഭ്രമത്തിനു പിന്നിലെ രഹസ്യം ഇന്നലെ പൊലീസ് കണ്ടെത്തിയതോടെ നാട്ടുകാര്‍ ആകെ അമ്പരപ്പിലാണ്.

ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ സീല്‍ ചെയ്ത സൈക്കിള്‍ ഗോഡൗണില്‍ നിന്ന് 19കാരന്റെ നേതൃത്വത്തില്‍ മോഷ്ടിച്ച സൈക്കിളുകളിലാണ് കുട്ടിക്കൂട്ടം കറങ്ങിയിരുന്നത്. ഒന്നും രണ്ടുമല്ല 38 സൈക്കിളുകളാണ് ഗോഡൗണില്‍ നിന്ന് മോഷണം പോയിരിക്കുന്നത്.

മോഷണവുമായി ബന്ധപ്പെട്ട് വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ രാഹുലിനെ (19)തൃക്കൊടിത്താനം സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ആകെ രണ്ടര ലക്ഷം രൂപ വിലയുള്ള സൈക്കിളുകളാണ് നഷ്ടമായിരിക്കുന്നത്.

പരിചയക്കാരായ കുട്ടികള്‍ക്ക് ഇയാള്‍ സൈക്കിളുകള്‍ ഗോഡൗണില്‍ നിന്ന് എടുത്തു നല്‍കുകയായിരുന്നു. പുതിയ സൈക്കിളില്‍ കറങ്ങിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് രാഹുലിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മോഷണം പോയ 38 സൈക്കിളില്‍ ഏഴ് എണ്ണം കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളത് വിറ്റിട്ടുണ്ടാകുമെന്നാണ് സംശയം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com