പോരാട്ടങ്ങള്‍ അവസാനിക്കാത്ത ജീവിതം; 96ന്റെ നിറവില്‍ ജനനായകന്‍

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് വി എസ് അച്യുതാനന്ദന്‍
പോരാട്ടങ്ങള്‍ അവസാനിക്കാത്ത ജീവിതം; 96ന്റെ നിറവില്‍ ജനനായകന്‍

 മകാലിക കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ജനനായകന്‍ വി എസ് അച്യുതാനന്ദന് ഇന്ന് 96-ാം പിറന്നാള്‍. അത്യസാധാരണമായ പ്രസംഗപാടവം കൊണ്ട് ജനസാഗരത്തെ ആവേശക്കൊടുമുടിയേറ്റുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ്, പ്രായത്തെയും വെല്ലുവിളിച്ച് ഉപതെരഞ്ഞെടുപ്പ് ഗോദകളില്‍ ഇടതുസ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായുള്ള പ്രചാരണത്തില്‍ സജീവമാണ്. വിഎസിന്റെ വേദികളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അല്ലാത്തവരുടെയും തോരാപ്രവാഹം ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത 'ക്രൗഡ് പുള്ളര്‍' താന്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നു.

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് വി എസ് അച്യുതാനന്ദന്‍. 1964 ല്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്ന് സിപിഎമ്മെന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയ 32 നേതാക്കളില്‍ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് കൂടിയാണ് വിഎസ്. പാര്‍ട്ടിയില്‍ നിന്നും പലകുറി വിലക്കുകളും അച്ചടക്ക നടപടികളും നേരിട്ടപ്പോഴും തന്റെ ജനകീയ പിന്തുണ കൊണ്ട് അതിനെയെല്ലാം നിഷ്പ്രഭമാക്കാന്‍ വിഎസിന് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരിക്കെ ഏറ്റവും സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് വരെ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനശൈലിയാണ് അണികളുടെ കണ്ണും കരളുമായി വിഎസിനെ മാറ്റിയത്. 

ട്രേഡ് യൂണിയന്‍ നേതാവായിട്ടാണ് വി എസ് തന്റെ പൊതുപ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. പുന്നപ്ര വയലാര്‍ സമരത്തിലും വിഎസ് മുന്നണി പ്പോരാളിയായിരുന്നു. പിന്നീട് സിപിഎമ്മിന്റെ സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായിത്തീര്‍ന്ന വി എസ് ഏറെക്കാലം പാര്‍ട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതും വിഎസായിരുന്നു. പിന്നീട് ഇരുവരും ഭിന്നചേരികളില്‍ പോരടിച്ചതും ചരിത്രം. തന്റെ നിലപാട് പാര്‍ട്ടിയിലും പുറത്തും തുറന്നുപറയാന്‍ കാണിക്കുന്ന ആര്‍ജ്ജവം ചില സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 

ഏറ്റവും അടിയുറച്ച കമ്യൂണിസ്റ്റുകാരനായിട്ടും വിഎസിന് ഇതുവരെയായി പാര്‍ട്ടി തലത്തില്‍ 10 ഓളം അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതുതന്നെ ഇതിന് ദൃഷ്ടാന്തമാണ്. 1964 ല്‍ ഇന്തോ-ചൈന യുദ്ധകാലത്ത് പാര്‍ട്ടി ലൈനിനെതിരെ സ്വന്തം നിലപാട് പരസ്യമാക്കിയാണ് വിഎസ് ആദ്യ അച്ചടക്ക നടപടി ഏറ്റുവാങ്ങുന്നത്. വിഎസ് - പിണറായി പോര് രൂക്ഷമായ കാലത്ത് 2007 ല്‍ ഇരുവരെയും പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ തന്‍രെ ജനകീയതയില്‍ വിഎസ് 2009 ല്‍ പിബിയില്‍ തിരിച്ചെത്തുകയും ചെയ്തു. 2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേത്തില്‍ പിണറായി പക്ഷനേതാക്കള്‍ വിഎസിനെ, പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ള സഖാവ് എന്ന് ആക്ഷേപിച്ചതും വിവാദമായിരുന്നു. 

പാര്‍ട്ടിക്കകത്ത് പിണറായി പക്ഷം അടിച്ചമര്‍ത്തുമ്പോഴും, തെരഞ്ഞെടുപ്പ് വേളകളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത് വിഎസിനെയായിരുന്നു എന്നതും അദ്ദേഹത്തിന്റെ ജനകീയതയ്ക്ക് തെളിവാണ്. പാര്‍ട്ടി സംസ്ഥാനനേതൃത്വം ആദ്യം സീറ്റ് നിഷേധിച്ചിട്ടും, വിഎസ് തന്റെ ജനകീയതയുടെ കരുത്തില്‍ സീറ്റ് നേടിയെടുക്കുകയും ഇടതുമുന്നണിയെ അധികാരത്തിലേറ്റുകയും ചെയ്തു. അന്ന് മുഖ്യമന്ത്രി പദവിയും വിഎസിനെ തേടിയെത്തി. നായനാര്‍ക്ക് ശേഷം ഇടതുസര്‍ക്കാരില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയില്ലാത്ത മുഖ്യമന്ത്രിയായതും വിഎസ് അച്യുതാനന്ദനാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും മലമ്പുഴ മണ്ഡലത്തില്‍ നിന്നും വിജയിച്ച വിഎസ് അച്യുതാനന്ദന്‍, ഇപ്പോള്‍ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com