'അര്‍ഹതയുള്ളവര്‍ക്ക് വേണ്ടി ഇനിയും ചട്ടങ്ങള്‍ ലംഘിക്കും' ; നിലപാട് ആവര്‍ത്തിച്ച് മന്ത്രി ജലീല്‍

അര്‍ഹതയുള്ളവര്‍ക്കുവേണ്ടി ചട്ടങ്ങള്‍ ലംഘിക്കേണ്ടി വന്നത് തെറ്റെങ്കില്‍ അത് തുടരാന്‍ തന്നെയാണ് തനിക്കിഷ്ടം
'അര്‍ഹതയുള്ളവര്‍ക്ക് വേണ്ടി ഇനിയും ചട്ടങ്ങള്‍ ലംഘിക്കും' ; നിലപാട് ആവര്‍ത്തിച്ച് മന്ത്രി ജലീല്‍

തിരുവനന്തപുരം : മാര്‍ക്കുദാന ആരോപണത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. അര്‍ഹതയുള്ളവര്‍ക്കുവേണ്ടി ചട്ടങ്ങള്‍ ലംഘിക്കേണ്ടി വന്നത് തെറ്റെങ്കില്‍ അത് തുടരാന്‍ തന്നെയാണ് തനിക്കിഷ്ടം. അത് മഹാ അപരാധമാണെങ്കില്‍ ഇനിയും ആവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. അവസാന അത്താണിയായി മന്ത്രിമാരുടെ അടുത്ത് വരുന്നവരെ തുടര്‍ന്നും സഹായിക്കുമെന്നും ജലീല്‍ പറഞ്ഞു. 

ദേവസ്വം ബോര്‍ഡിലെ തൂപ്പുകാരന്റെ മകനായ ശ്രീഹരിയെന്ന കുട്ടി അവസാനത്തെ അത്താണിയെന്ന നിലയില്‍ അദാലത്തില്‍ പങ്കെടുത്ത് പ്രയാസം പറഞ്ഞു. അപ്പോള്‍ ചട്ടവും വകുപ്പും പറഞ്ഞ് ആ കുട്ടിയുടെ ഭാവിക്ക് മുകളില്‍ കരിനില്‍ വീഴ്ത്തിയിരുന്നുവെങ്കില്‍, ഇനി വകുപ്പില്ല മറ്റെന്തെങ്കിലും തൊഴില്‍ നോക്കൂ എന്ന് ആ കുട്ടിയോട് പറഞ്ഞിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സംഭവിക്കുക. ആ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഇന്ന് പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍, മന്ത്രിക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടേനെ. 

മുന്നില്‍ വരുന്ന പ്രശ്‌നങ്ങളോട് മനുഷ്യത്വപരമായി സമീപിക്കാന്‍ വ്യക്തിക്കായാലും, ജനപ്രതിനിധികള്‍ക്കായാലും ഭരണാധികാരികള്‍ക്കായാലും സാധിക്കണം. ഇതൊക്കെ മഹാഅപരാധവും തെറ്റുമാണെങ്കില്‍, ചട്ടത്തിനും വകുപ്പിനും വിരുദ്ധമാണെങ്കില്‍, ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ഇത് പറയാന്‍ എനിക്ക് മടിയില്ല. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളര്‍ന്നാലും ആ നിലപാടുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. പാവപ്പെട്ടവരും നിരാലംബരും ഒരു മന്ത്രിയുടെ അടുത്ത് വരുന്നത് അവസാനത്തെ അത്താണി എന്ന നിലയിലാണ്. എംഎന്‍ കാരശേരിയെപ്പോലെ അത്ര പ്രഗല്‍ഭനല്ലെങ്കിലും താനും ഒരു കോളജ് അധ്യാപകനായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് എന്താണ്, മാനസികാവസ്ഥ എന്താണ് എന്ന് തനിക്കറിയാമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com