എസ്എഫ്‌ഐ ഇപ്പോഴുമുണ്ടോ?: ചെന്നിത്തലയുടെ ചോദ്യം

തോറ്റ കുട്ടികള്‍ക്കെല്ലാം മാര്‍ക്ക് കൂട്ടി നല്‍കി ഉന്നത വിദ്യാഭ്യാസമന്ത്രി മാനുഷിക പരിഗണന കാണിക്കുന്നതു കേട്ടുകേള്‍വിയില്ലാത്തതാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
എസ്എഫ്‌ഐ ഇപ്പോഴുമുണ്ടോ?: ചെന്നിത്തലയുടെ ചോദ്യം

തിരുവനന്തപുരം: തോറ്റ കുട്ടികള്‍ക്കെല്ലാം മാര്‍ക്ക് കൂട്ടി നല്‍കി ഉന്നത വിദ്യാഭ്യാസമന്ത്രി മാനുഷിക പരിഗണന കാണിക്കുന്നതു കേട്ടുകേള്‍വിയില്ലാത്തതാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എസ്എഫ്‌ഐക്ക് ഇതിലൊന്നും മിണ്ടാട്ടമില്ലേ? ആ സംഘടന ഇപ്പോഴുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

മന്ത്രി കെടി ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്കുദാന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട രമേശ് ചെന്നിത്തല, മന്ത്രിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു രണ്ടാമതും  കത്തു നല്‍കി.

മന്ത്രിയുടെ മാര്‍ക്ക് ദാനവും ഇടപെടലുകളും തെറ്റാണെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ  വൈസ് ചെയര്‍മാനും എംജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. രാജന്‍ ഗുരുക്കള്‍ തന്നെ ചൂണ്ടിക്കാട്ടിയതോടെ മന്ത്രിസ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് ഇനി  അവകാശമില്ലെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണമായും ശരിവയ്ക്കുന്നതാണു രാജന്‍ ഗുരുക്കളുടെ വാക്കുകള്‍. ഇതോടെ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണു ജലീല്‍. ധാര്‍മികത അല്‍പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ രാജിവയ്ക്കണം.

പാലക്കാട്  വിക്ടോറിയ കോളജില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്കു മതിയായ മാര്‍ക്കില്ലെങ്കിലും പ്രവേശനം ക്രമപ്പെടുത്താന്‍ മന്ത്രി താല്‍പര്യമെടുത്തു എന്ന  ആക്ഷേപവും വന്നിട്ടുണ്ട്. പിജി പ്രവേശനത്തിന് 50% മാര്‍ക്ക് വേണം എന്നാണു നിബന്ധന. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 5% മാര്‍ക്ക് ഇളവുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ഥിക്ക് 45% മാര്‍ക്ക് പോലും ഡിഗ്രിക്ക് ഉണ്ടായിരുന്നില്ല. കോളജ് പ്രവേശനത്തില്‍ വരെ മന്ത്രി ഇടപെടുകയാണെന്ന് രമേശ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com