കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെ ; ജോളിയില്‍ നിന്ന് കടുത്ത പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്ന് സിലിയുടെ മകന്‍

സിലിയുടെ മരണശേഷം ജോളിയില്‍ നിന്നും കടുത്ത പീഡനമാണ് നേരിട്ടത്. വലിയ വേര്‍തിരിവാണ് ജോളി കാണിച്ചിരുന്നതെന്നും കുട്ടി
കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെ ; ജോളിയില്‍ നിന്ന് കടുത്ത പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്ന് സിലിയുടെ മകന്‍

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരെ കൊല്ലപ്പെട്ട സിലിയുടെ മകന്‍. രണ്ടാനമ്മയായ ജോളിയില്‍ നിന്നും കഠിനമായ മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി പത്താംക്ലാസ്സുകാരനായ കുട്ടി അന്വേഷണസംഘത്തിന് മൊഴി നല്‍കി. ജോളി കഠിനമായി ഉപദ്രവിച്ചിരുന്നു എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് വേര്‍തിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെയെന്നും സിലിയുടെ മകന്‍ മൊഴി നല്‍കി. 

തന്റെ അമ്മ സിലിയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണ്. ജോളി നല്‍കിയ വെള്ളം കുടിച്ചശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്നും സിലിയുടെയും ഷാജുവിന്റെയും മകനായ പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞു. 2016 ജനുവരി 11 നാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലി കുഴഞ്ഞുവീണ് മരിക്കുന്നത്. ഈ സമയത്ത് സിലിയോടൊപ്പം കുട്ടിയും ഉണ്ടായിരുന്നു. ആ സംഭവം കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 

ജോളിയുടെ ബാഗിലുണ്ടായിരുന്ന വെള്ളം കുടിച്ചതോടെയാണ് അമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടത്. ഇതിന് ശേഷമാണ് സിലിക്ക് ഗുളിക നല്‍കിയതെന്നും കുട്ടി പറഞ്ഞു. സിലിക്ക് ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ മൊഴി അനുസരിച്ച് വെള്ളത്തിലും സയനൈഡ് ചേര്‍ത്തിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

സിലിയുടെ മരണശേഷം രണ്ടാനമ്മയായ ജോളിയില്‍ നിന്നും കടുത്ത പീഡനമാണ് നേരിട്ടത്. വലിയ വേര്‍തിരിവാണ് ജോളി തന്നോട് കാണിച്ചിരുന്നതെന്നും കുട്ടി പറഞ്ഞു. സിലി കൊല്ലപ്പെട്ട കേസില്‍ സിലിയുടെ മകന്‍രെ മൊഴി ഏറെ നിര്‍ണായകമാകും. സിലി വധക്കേസില്‍ അന്വേഷണസംഘം കഴിഞ്ഞദിവസം ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. ചോദ്യം ചെയ്യല്‍ ക്യാമറയില്‍ ചിത്രീകരിക്കും. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com