മുലപ്പാല്‍ നല്‍കിയശേഷം നനഞ്ഞതുണി കഴുത്തില്‍ മുറുക്കി കൊന്നു ; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി : ഇടുക്കി മുരിക്കാശേരി വാത്തിക്കുടിയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. അവിവാഹിതയും ബിരുദവിദ്യാര്‍ത്ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയാണ് അറസ്റ്റിലായത്. പ്രസവശേഷം കുഞ്ഞിനെ തുടച്ചുവൃത്തിയാക്കി മുലപ്പാല്‍ കൊടുത്തശേഷം നനഞ്ഞ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. 

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെ ശുചിമുറിയില്‍ വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് കുഞ്ഞിനെയെടുത്ത് പഠനമുറിയിലെത്തി തുണിയില്‍ കിടത്തിയശേഷം കത്രിക കൊണ്ട് കുട്ടിയെ വേര്‍പെടുത്തി. ഡ്രസ് മാറിയശേഷം തുടച്ചുവൃത്തിയാക്കി മുലപ്പാല്‍ കൊടുത്തു. ഇതിന് ശേഷം നനഞ്ഞ തുണി കഴുത്തില്‍ചുറ്റി കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവതി വിശദീകരിച്ചു.

തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ സൂക്ഷിച്ചു. രാത്രി മൃതദേഹം മറവ് ചെയ്യാന്‍ ആണ്‍സുഹൃത്തിന്റെ സഹായം തേടി. ഇയാള്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. പരിസോധനയില്‍ കവറിനുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാപിള്ളയായിരുന്നു എന്നാണ് യുവതി പറഞ്ഞത്. 

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അകത്ത് മുലപ്പാല്‍ ചെന്നിരുന്നതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥിനിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയാറന്‍കുടിയിലുള്ള സുഹൃത്താണ് കുട്ടിയുടെ പിതാവെന്നും, ഇയാള്‍ രണ്ടുമാസം മുമ്പ് ആത്മഹത്യ ചെയ്തതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com