റോയിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോണ്‍സണ്‍ ; കൂടത്തായി കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ജോളിയുടെ ആദ്യഭര്‍ത്താവായ റോയി തോമസിന്റെ മരണശേഷം ഈ നമ്പര്‍ ജോണ്‍സണ്‍ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു
റോയിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോണ്‍സണ്‍ ; കൂടത്തായി കേസില്‍ നിര്‍ണായക കണ്ടെത്തല്‍

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ സുഹൃത്ത് ജോണ്‍സണ്‍ ഉപയോഗിച്ചിരുന്നത്, കൊല്ലപ്പെട്ട റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയി തോമസിന്റെ മരണശേഷം ഈ നമ്പര്‍ ജോണ്‍സണ്‍ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണസംഘം വിശദമായ പരിശോധന നടത്തിവരികയാണ്. 

ജോളിയും ജോണ്‍സണുമായി അടുത്ത സൗഹൃദമുണ്ടെന്ന് അന്വേഷണസംഘം നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ജോളി നിരവധി തവണ ജോണ്‍സനൊപ്പം കോയമ്പത്തൂരില്‍ പോയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് ജോണ്‍സണെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ജോളിയുമായി അടുത്ത സൗഹൃദം ഉണ്ടെന്നും, ഒരുമിച്ച് സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കി. 

കുടുംബപരമായ സൗഹൃദമായിരുന്നു തങ്ങളുടേത്. കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നുമാണ് ജോണ്‍സണ്‍ മൊഴി നല്‍കിയത്. എന്നാല്‍ ജോണ്‍സന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിരുന്നതായി ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ജോണ്‍സനൊപ്പം ജീവിക്കാനായിരുന്നു ആഗ്രഹിച്ചതെന്നാണ് ജോളി വെളിപ്പെടുത്തിയത്. 

അതിനിടെ ജോളിക്കെതിരെ ഷാജുവിന്റെയും സിലിയുടെയും മകന്‍ മൊഴി നല്‍കി. രണ്ടാനമ്മയായ ജോളിയില്‍ നിന്നും കഠിനമായ മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിട്ടിരുന്നതായാണ് പത്താംക്ലാസ്സുകാരനായ കുട്ടി അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ജോളി കഠിനമായി ഉപദ്രവിച്ചിരുന്നു എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് വേര്‍തിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെയെന്നും സിലിയുടെ മകന്‍ മൊഴി നല്‍കി. 

തന്റെ അമ്മ സിലിയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണ്. ജോളി നല്‍കിയ വെള്ളം കുടിച്ചശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്നും സിലിയുടെയും ഷാജുവിന്റെയും മകനായ പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞു. 2016 ജനുവരി 11 നാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലി കുഴഞ്ഞുവീണ് മരിക്കുന്നത്. ഈ സമയത്ത് സിലിയോടൊപ്പം കുട്ടിയും ഉണ്ടായിരുന്നു. ആ സംഭവവും കുട്ടി പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com