വിജി പഠിക്കും, ശുഭ്രപതാക തണലില്‍; പഠന ചെലവുകള്‍ ഏറ്റെടുത്ത് എസ്എഫ്‌ഐ

മന്ത്രി കെടി ജലീല്‍ ഇടപെട്ട് കോളജ് മാറ്റം നല്‍കിയെന്ന് വിവാദത്തില്‍ പഴികേള്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിജിയുടെ പഠനചെലവ് എസ്എഫ്‌ഐ ഏറ്റെടുക്കും
വിജി പഠിക്കും, ശുഭ്രപതാക തണലില്‍; പഠന ചെലവുകള്‍ ഏറ്റെടുത്ത് എസ്എഫ്‌ഐ

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ ഇടപെട്ട് കോളജ് മാറ്റം നല്‍കിയെന്ന് വിവാദത്തില്‍ പഴികേള്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിജിയുടെ പഠനചെലവ് എസ്എഫ്‌ഐ ഏറ്റെടുക്കും. ചേര്‍ത്തല എന്‍എസ്എസ് കേളജില്‍ നിന്ന് തിരുവനന്തപുരം വിമന്‍സ് കേളജിലേക്കാണ് വിജിക്ക് മാറ്റം നല്‍കിയത്. ഇത് മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ധന കുടുംബത്തില്‍ നിന്നുള്ള വിജിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കും എന്ന് വ്യക്തമാക്കി എസ്എഫ്‌ഐ രംഗത്ത് വന്നിരിക്കുന്നത്. 

വിജിയുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ് അറിയിച്ചു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയായിരിക്കും പഠനച്ചെലവുകള്‍ നിര്‍വ്വഹിക്കുകയെന്നും വിനീഷ് വ്യക്തമാക്കി. വിജിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വിനീഷ്.

സ്വകാര്യ കോളജില്‍ നിന്നും സര്‍ക്കാര്‍ ക്യാമ്പസിലേക്ക് വിജിക്ക് മാറ്റം നല്‍കിയതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഇടപെട്ടു എന്നായിരുന്നു ആരോപണം. വിഎച്ച്എസിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ വിജിക്ക് ചേര്‍ത്തല എന്‍എസ്എസ് കോളജിലാണ് അഡ്മിഷന്‍ കിട്ടിയത്. ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ച കുട്ടിയെ അമ്മ ജോലി ചെയ്താണ് വളര്‍ത്തിയത്. കാന്‍സര്‍ രോഗിയായ അമ്മ ഏഴ് വര്‍ഷം മുമ്പ് മരിച്ചു. വിജിയുടെ ഏക തുണ പ്രായമായ അമ്മൂമ്മ മാത്രമാണ്.

അഡ്മിഷന്‍ കിട്ടിയ കോളജ് വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു.  ഇത്രയും ദൂരെയുള്ള കോളജില്‍ പോയി വരുവാനോ ഹോസ്റ്റല്‍ ഫീസ് നല്‍കി പഠിക്കാനോ വിജിക്ക് സാധിക്കുമായിരുന്നില്ല. വീടിനടുത്തുള്ള കോളജിലേക്ക് മാറ്റി തരണം എന്ന് പറഞ്ഞ് റെജിസ്റ്റാറെ കണ്ടങ്കിലും കാര്യമൊന്നും ഉണ്ടായില്ല.

യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് മന്ത്രിയെ സമീപിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. മൂന്ന് സിന്‍ഡിക്കേറ്റ് മീറ്റിങ്ങുകള്‍ കൂടിയിട്ടും അവരുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അവസാനമാണ് മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറഞ്ഞത്. തന്റെ അവസ്ഥ മനസിലാക്കി മാനുഷിക പരിഗണന നല്‍കിയാണ് മന്ത്രി സഹായിച്ചതെന്നും വിജി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com