'എന്താണ് വിഷയം,അപകടം വല്ലതുമാണോ?' എന്ന് എഎസ്‌ഐ ; 'അല്ല സാര്‍.. ഒരു കൊലപാതകമാണ്, ചെയ്തത് ഞങ്ങളാണെ'ന്ന് പ്രതികള്‍ ; ഞെട്ടിത്തരിച്ച് പൊലീസുകാര്‍

പ്രതികളില്‍ ഒരാള്‍ വിപിനെ സവാരി വിളിച്ചു കൊണ്ടു പോകുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം പൊലീസിന് ലഭിച്ചു
'എന്താണ് വിഷയം,അപകടം വല്ലതുമാണോ?' എന്ന് എഎസ്‌ഐ ; 'അല്ല സാര്‍.. ഒരു കൊലപാതകമാണ്, ചെയ്തത് ഞങ്ങളാണെ'ന്ന് പ്രതികള്‍ ; ഞെട്ടിത്തരിച്ച് പൊലീസുകാര്‍

തിരുവനന്തപുരം : തിരുവനന്തപുരം ആനയറയില്‍ ഓട്ടോഡ്രൈവറായ വിപിനെ വെട്ടിക്കൊന്ന കേസില്‍ സ്‌റ്റേഷനില്‍ എത്തും മുന്‍പ് പിടികൂടാനുള്ള പൊലീസിന്റെ പദ്ധതി പൊളിച്ച് പ്രതികള്‍. പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പ്രതികള്‍ നാടകീയമായി തുമ്പയിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രി 7.35നു വക്കീലിന്റെ സഹായത്തോടെയാണ് ഇവര്‍ തുമ്പ സ്‌റ്റേഷനിലെത്തിയത്. അഞ്ചു മണിയോടെ തന്നെ പ്രതികള്‍ കീഴടങ്ങുമെന്ന് സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു.

തുമ്പ പൊലീസ് സ്‌റ്റേഷനു മുന്‍പില്‍ ചുറ്റികറങ്ങിയ സംഘത്തോട് എന്താണ് വിഷയം,അപകടം വല്ലതുമാണോ? എന്ന് എഎസ്‌ഐ ചോദിച്ചു. അപകടമല്ല സാര്‍, ഒരു കൊലപാതകമാണ്, ആനയറയിലെ കൊല ചെയ്തതു ഞങ്ങളാണ് എന്ന് ഭാവവ്യത്യാസങ്ങളൊന്നു മില്ലാതെ അവര്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നടുങ്ങി. കസേരയില്‍ നിന്നും എഴുന്നേറ്റ് പൊലീസുകാരന്‍ സഹപ്രവര്‍ത്തകരെ വേഗം വിളിച്ചുവരുത്തി. പ്രതികളെ കസ്റ്റഡിയിലെടുത്ത തുമ്പ പൊലീസ് വിവരം ഡിസിപിയെ അറിയിച്ചു. പിന്നീട് പേട്ട സിഐയും സംഘവും എത്തി പ്രതികളെ പേട്ട സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

ഒരു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് വിപിനെ വകവരുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കയ്യും കാലും വെട്ടിമാറ്റാനായിരുന്നു തീരുമാനം. ഇതനുസരിച്ചായിരുന്നു ഓരോ വെട്ടും. പക്ഷേ രക്തം വാര്‍ന്നു മരിക്കുമെന്ന് കരുതിയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

അതിനിടെ പ്രതികളില്‍ ഒരാള്‍ വിപിനെ സവാരി വിളിച്ചു കൊണ്ടു പോകുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം പൊലീസിന് ലഭിച്ചു. ഈഞ്ചയ്ക്കലിനു സമീപത്തെ സ്വകാര്യ മാളിനു മുന്‍പില്‍ നിന്ന് ഓട്ടം വിളിക്കുന്ന ദൃശ്യമാണ് ലഭിച്ചത്. അവിടെ നിന്നു ആനറയറയിലെ ആളൊഴിഞ്ഞ വഴിയില്‍ എത്തിക്കുകയും ഇവിടെ കാത്തുനിന്ന അഞ്ചംഗ സംഘം വിപിനെ പിടിച്ചിറക്കി മര്‍ദ്ദിച്ച ശേഷം തറയില്‍ കിടത്തി കയ്യും കാലും വെട്ടിമാറ്റുകയായിരുന്നു.

പ്രതികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും തെളിവായി പൊലീസ് ശേഖരിച്ചു. ഓട്ടം വിളിക്കാന്‍ എത്തിയത് വിപിനു മുന്‍ പരിചയമില്ലാത്ത വ്യക്തിയാണെന്നും മാളില്‍ നിന്ന് ഇറങ്ങിയ ആളെന്ന ധാരണയിലാകാം വിപിന്‍ ഓട്ടം പോയതെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com