പുഴയായി റോഡുകള്‍ ; കാറിനടിയിലേക്ക് തെന്നി വീണ് ബൈക്ക് യാത്രക്കാരന്‍ ; അത്ഭുതകരമായ രക്ഷപ്പെടല്‍

മഴ കനത്തതോടെ എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
പുഴയായി റോഡുകള്‍ ; കാറിനടിയിലേക്ക് തെന്നി വീണ് ബൈക്ക് യാത്രക്കാരന്‍ ; അത്ഭുതകരമായ രക്ഷപ്പെടല്‍

കൊച്ചി : കഴിഞ്ഞരാത്രി മുതല്‍ പെയ്യുന്ന മഴയില്‍ കൊച്ചി നഗരവും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഒട്ടുമിക്ക റോഡുകളും വെള്ളം കയറി വാഹനഗതാഗതം പോലും ദുഷ്‌കരമായ അവസ്ഥയിലാണ്. അരയ്‌ക്കൊപ്പം വെള്ളം ഉയര്‍ന്നതോടെ ഇടപ്പള്ളിയില്‍ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. റോഡും ഓടകളുമൊന്നും തിരിച്ചറിയാനാകാത്തത് കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്.

ഇതിനിടെ ബൈക്കിലെത്തിയ യാത്രക്കാരന്‍ കാലുതെന്നി പിന്നാലെ വന്ന കാറിന്റെ മുന്നിലേക്ക് വീണു. കാര്‍ ഉടന്‍ തന്നെ  ബ്രേക്കിട്ടതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കൊച്ചിയില്‍ വ്യാപകമായ വെള്ളക്കെട്ടാണ് രുപപ്പെട്ടത്. കൊച്ചിയില്‍ എംജി റോഡ്, ഇടപ്പള്ളി, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. എംജി റോഡില്‍ പല കടകളിലും വെള്ളം കയറി.

സൗത്ത് റയില്‍വെ സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. കുണ്ടന്നൂരില്‍ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടില്‍ മറിഞ്ഞു. എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകളിലും മഴ ശക്തമാണ്. മഴ കനത്തതോടെ എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ ഒന്നും കണയന്നൂര്‍ താലൂക്കില്‍ രണ്ടും വീതം ക്യാംപുകളാണ് തുറന്നത്. കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍, തൃക്കാക്കര വില്ലേജുകളാണ് പ്രളയബാധിതം. നെടുമ്പാശേരി വിമാനത്താവളത്തെ മഴ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com