മഴ നനഞ്ഞ് വോട്ടെടുപ്പ്; കനത്ത പോളിങ് അരൂരില്‍; 60 ശതമാനം പോലുമെത്താതെ എറണാകുളം

അഞ്ച് മണ്ഡലങ്ങളിലെ പോളിങ് അവസാനിച്ചു. കനത്ത മഴയിലാണ് പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നത്
മഴ നനഞ്ഞ് വോട്ടെടുപ്പ്; കനത്ത പോളിങ് അരൂരില്‍; 60 ശതമാനം പോലുമെത്താതെ എറണാകുളം

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ പോളിങ് അവസാനിച്ചു. കനത്ത മഴയിലാണ് പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നത്. മഴയെ തുടര്‍ന്ന് പോളിങ് സമയം എറണാകുളത്ത് എട്ട് മണി വരെ നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് നിരസിച്ചു. ആറ് മണി വരെ ക്യൂവില്‍ നിന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

രാവിലത്തെ മഴ മൂലം പോളിങ് മന്ദഗതിയിലായ ബൂത്തുകളില്‍ വൈകിട്ടോടെ പോളിങ് സാധാരണഗതിയിലേക്കെത്തി. എറണാകുളത്തും വട്ടിയൂര്‍ക്കാവിലും വൈകീട്ടോടെ നീണ്ട ക്യൂവും ദൃശ്യമായി.

മഴയെ അവഗണിച്ചും കനത്ത പോളിങ് കണ്ടത് അരൂരിലാണ്. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങിയ എറണാകുളത്ത് പോളിങ് 60 ശതമാനം പോലും കടന്നില്ല. ഇത് അന്തിമ കണക്കല്ല, അവസാന കണക്കുകള്‍ വരുമ്പോള്‍ പോളിങ് ശതമാനത്തില്‍ മാറ്റം വരാം.

വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനമാണ് പോളിങ്. കോന്നിയില്‍ 70ശതമാനം, അരൂരില്‍ 80.26 ശതമാനം, എറണാകുളത്ത് 57.54 ശതമാനം, മഞ്ചേശ്വരത്ത് 74.42 ശതമാനവുമാണ് പോളിങ്.

വോട്ടിങ് സമയം അവസാനിക്കുന്ന ആറ് മണിക്ക് ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ചെയ്തത്. പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കുള്ള മാന്വലില്‍ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം പ്രത്യേകം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com