രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടി; ക്ലാസ് ഫോര്‍, എംപ്ലോയ്‌മെന്റ് നിയമനങ്ങള്‍ നിര്‍ത്തലാക്കി സര്‍ക്കാര്‍

താഴ്ന്ന തസ്തികകളിലേക്ക് സ്ഥിരനിയമനവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താത്കാലിക നിയമനവും നിര്‍ത്തലാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടി; ക്ലാസ് ഫോര്‍, എംപ്ലോയ്‌മെന്റ് നിയമനങ്ങള്‍ നിര്‍ത്തലാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: താഴ്ന്ന തസ്തികകളിലേക്ക് സ്ഥിരനിയമനവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താത്കാലിക നിയമനവും നിര്‍ത്തലാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് ശുചീകരണം, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലെ നിയമനം എന്നെന്നേക്കുമായി ഇല്ലാതായി. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പേര്‍ക്ക് ഉത്തരവ് തിരിച്ചടിയാകും.

ഇത്തരം ഒഴിവുകളില്‍ സ്ഥിരമായോ താത്കാലികമായോ നിയമനം നടത്താതെ കുടുംബശ്രീയില്‍ നിന്നോ വിമുക്തഭടന്‍മാരുടെ അര്‍ധസര്‍ക്കാര്‍ ഏജന്‍സിയായ കെക്‌സ്‌കോണില്‍ നിന്നോ ദിവസക്കൂലിക്ക് ആളെ വിളിക്കാനാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ഈ രണ്ട് ഏജന്‍സികളുമായി സര്‍ക്കാര്‍ ധാരണാപത്രവും ഒപ്പുവച്ചു.

നിലവിലെ ജീവനക്കാര്‍ പിരിഞ്ഞുപോകുന്ന മുറയ്ക്ക് ഈ തസ്തികകളിലേക്ക് ഇനി നിയമനമില്ല. ഓഫീസുകളുടെ വലിപ്പം, ജീവനക്കാരുടെ മൊത്തം എണ്ണം എന്നിവയ്ക്ക് ആനുപാതികമായാണ് ശുചീകരണത്തിനും സെക്യൂരിറ്റിക്കും തസ്തിക സൃഷ്ടിച്ചിരുന്നത്. ഈമാസം ആദ്യം ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഒരു വകുപ്പിലേക്കും ഈ തസ്തികകളില്‍ നേരിട്ടോ, അല്ലാതെയോ സ്ഥിരനിയമനം നടത്തരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുടുംബശ്രീ, കെക്‌സ്‌കോണ്‍ എന്നിവയുമായി വാര്‍ഷിക കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ആവശ്യമായ ജീവനക്കാരെ ദിവസക്കൂലിക്കു മാത്രം നിയോഗിക്കാനും ഇവരുടെ കൂലി ഓഫീസ് ചെലവിനത്തില്‍ നല്‍കാനുമാണ് നിര്‍ദ്ദേശം. കേരളത്തില്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ നിയമനം കാത്തിരിക്കുന്നവരുടെ എണ്ണം 35.63 ലക്ഷമാണ്. ഇവരില്‍ 60 ശതമാനം പേരും പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ തൊഴില്‍ പ്രതീക്ഷകള്‍ക്കു മേലാണ് പുതിയ ഉത്തരവ് കത്തിവയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com