പരീക്ഷാ നടത്തിപ്പിലും മന്ത്രി ഇടപെട്ടു; ജലീലിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല

മാർക്ക് ദാന വിവാദം കെട്ടടങ്ങുന്നതിനു പിന്നാലെ മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പരീക്ഷാ നടത്തിപ്പിലും മന്ത്രി ഇടപെട്ടു; ജലീലിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: മാർക്ക് ദാന വിവാദം കെട്ടടങ്ങുന്നതിനു പിന്നാലെ മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സർവകലാശാലയിലെ പരീക്ഷാ പരിഷ്കരണത്തിൽ മന്ത്രി നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സാങ്കേതിക സർവകലാശാലയിൽ പരീക്ഷാ പരിഷ്കരണം സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിറക്കിയെന്ന് ചെന്നിത്തല പറഞ്ഞു. പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി നിർദേശിക്കുകയായിരുന്നു. ഇത് അനുസരിച്ചാണ് വിസി ഉത്തരവിറക്കിയത്. പരീക്ഷാ നടത്തിപ്പ് ആറം​ഗ സമിതിക്കു നൽകുകയാണ് മന്ത്രി ചെയ്തത്. ചോദ്യങ്ങൾ തയാറാക്കുന്നതിലെ രഹസ്യ സ്വഭാവം ഇതിലൂടെ ഇല്ലാതായി. പരിഷ്കരിച്ച സംവിധാനത്തിലൂടെ ചോദ്യങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മന്ത്രിയുടെ ഓഫീസിൽ തയാറാക്കിയ പ്രൊപ്പോസൽ നടപ്പാക്കാൻ വിസിയോട് ആജ്ഞാപിക്കുകയാണ് മന്ത്രി ചെയ്തത്. ഇത് സർവകലാശാലയുടെ സ്വയംഭരണാവകാശത്തിനു മേലുള്ള പ്രൊ ചാൻസലറായ മന്ത്രിയുടെ കൈകടത്തലാണ്.

മുഖ്യമന്ത്രി ഈ വിഷയത്തിൽ കാണിക്കുന്ന മൗനം ദുരൂഹമാണ്. ചട്ടം ഇനിയും ലംഘിക്കുമെന്ന് മന്ത്രി പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രി വളയമില്ലാതെ ചാടുന്നത് കണ്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com