'എവരിതിങ് ക്ലിയര്‍' സിലിയുടെ മരണം സ്ഥിരീകരിച്ച് ജോളിയുടെ ഫോണ്‍ സന്ദേശം ; കുട്ടിയെ കൊലപ്പെടുത്തി ആദ്യം പകതീര്‍ത്തു

സിലിയുടെ  കാര്യത്തിലും താന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഷാജുവിനോട് പറഞ്ഞു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി
'എവരിതിങ് ക്ലിയര്‍' സിലിയുടെ മരണം സ്ഥിരീകരിച്ച് ജോളിയുടെ ഫോണ്‍ സന്ദേശം ; കുട്ടിയെ കൊലപ്പെടുത്തി ആദ്യം പകതീര്‍ത്തു

കോഴിക്കോട് : കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സിലിയുടെ മരണം സ്ഥിരീകരിച്ച് 'എവരിതിങ് ക്ലിയര്‍' എന്ന ഫോണ്‍ സന്ദേശം ഭര്‍ത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് പ്രതി ജോളി പൊലീസിന് മൊഴി നല്‍കി. ആശുപത്രിയില്‍ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നതാണ് സന്ദേശമയയ്ക്കാന്‍ കാരണമെന്നും ജോളി പറഞ്ഞു. 

ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന സിലിയുടെ ആവര്‍ത്തിച്ചുള്ള താക്കീതും കൊലയ്ക്ക് പ്രേരിപ്പിച്ചെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആല്‍ഫൈനും സിലിയും ജീവിച്ചിരിക്കുമ്പോള്‍ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും  കൊലപ്പെടുത്തിയതെന്നും ജോളി വ്യക്തമാക്കി.

ഭര്‍ത്താവ് റോയി തോമസിന്റെ മരണശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇത് സിലി  ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരില്‍ ഷാജുവിന്റെ മാതാപിതാക്കളും സിലിയുമായി വഴക്കുണ്ടായി. സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയാണ് ആദ്യം പകതീര്‍ത്തത്. സിലിയുടെ  കാര്യത്തിലും താന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഷാജുവിനോട് പറഞ്ഞു. മൗനമായിരുന്നു ഷാജുവിന്റെ മറുപടിയെന്നും ജോളി വ്യക്തമാക്കി. 

സിലിയുടെ മരണത്തിനു പിന്നാലെ  ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തില്‍ ഒരുമിച്ച് അന്ത്യചുംബനം നല്‍കാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി  മൊഴിയില്‍ പറയുന്നു. അതിനിടെ സിലിയുടെ മരണം ഉറപ്പാക്കാന്‍ ജോളി പരമാവധി ശ്രമിച്ചെന്ന് സിലിയുടെ ബന്ധുക്കളുടെ മൊഴി. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹോദരന്‍ സിജോ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂര്‍വം വൈകിച്ചെന്നാണ് ആരോപണം.

അപസ്മാരമാകാമെന്നു പറഞ്ഞ് ഭര്‍ത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയില്‍ കിടന്നു. ജോളി സ്വന്തം കാറില്‍ െ്രെഡവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടും കൂട്ടാക്കിയില്ല. സംസ്ഥാന പാതയിലൂടെ പോയാല്‍ 7 കിലോമീറ്റര്‍ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയില്‍വച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് സിലിയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

ആശുപത്രിയിലെത്തും മുന്‍പ് സിലി മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളര്‍ന്നിരുന്ന സിജോയോട് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ഒപ്പിട്ടു കൊടുക്കാന്‍ ജോളി നിര്‍ബന്ധിച്ചു. സിലിയുടെ സ്വര്‍ണം ഏറ്റുവാങ്ങണമെന്നും നിര്‍ദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് ഇരുന്നതോടെ ഷാജുവാണ് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ഒപ്പിട്ടു നല്‍കിയത്. സ്വര്‍ണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടതെന്നും പറയുന്നു.

സിലിയുടെ സ്വര്‍ണം ഏറ്റുവാങ്ങിയത് താനാണെങ്കിലും ഷാജുവിനെത്തന്നെ ഏല്‍പിച്ചിരുന്നെന്ന് ജോളി ഇന്നലെ അന്വേഷണ സംഘത്തിനു മൊഴിനല്‍കി. തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജി അശോക് യാദവ് ഇന്നു താമരശ്ശേരിയില്‍ എത്തും. ഉച്ചകഴിഞ്ഞു 3നു നടക്കുന്ന അവലോകന യോഗത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com