സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് പിഴ പകുതിയാക്കി ; ഭേദഗതിക്ക് അംഗീകാരം

പിഴത്തുകയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു 
സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് പിഴ പകുതിയാക്കി ; ഭേദഗതിക്ക് അംഗീകാരം

തിരുവനന്തപുരം : മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനമന്ത്രിസഭ തീരുമാനിച്ചു. പിഴത്തുകയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു. ആയിരം രൂപ പിഴ 500 രൂപയാക്കിയാണ് കുറച്ചത്. 

അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയാകും പിഴ. ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ നല്‍കേണ്ടി വരും. അമിത ഭാരം കയറ്റിയാലുള്ള പിഴ 20,000 ല്‍ നിന്ന് പതിനായിരമായി കുറച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം രൂപ പിഴ നല്‍കണം. 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ വാഹനം ഓടിച്ചാലുള്ള പിഴത്തുകയിലും മാറ്റമില്ല. 

സംസ്ഥാനത്ത് ഒരു ക്യാബിനറ്റ് പദവി കൂടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് എജി സുധാകരപ്രസാദിന് കാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ മന്ത്രിസഭയ്ക്ക് പുറത്ത് കാബിനറ്റ് റാങ്കുള്ളവരുടെ എണ്ണം അഞ്ചായി. 

കോട്ടയത്ത് കായികമേളയ്ക്കിടെ ഹാമര്‍ കൊണ്ട് തലയ്ക്ക് പരിക്കേറ്റ അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com