വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപണം; പ്രിന്‍സിപ്പാളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കം; വടകര കോ-ഓപറേറ്റീവ് കോളേജ് അടച്ചു

പ്രിന്‍സിപ്പാളിനെതിരെ വനിതാ കമ്മീഷനിലും സര്‍വകലാശാല വൈസ് ചെയര്‍മാനും പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍
വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപണം; പ്രിന്‍സിപ്പാളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കം; വടകര കോ-ഓപറേറ്റീവ് കോളേജ് അടച്ചു

കോഴിക്കോട്; വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വടകര കോ-ഓപറേറ്റീവ് കോളേജ് അടച്ചു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമാണ് കൊളേജ് പൂട്ടിയിരിക്കുകയാണ്. വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പാള്‍ സുരേശന്‍ വടക്കയിലിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. എന്നാല്‍ തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രിന്‍സിപ്പാളിന്റെ വാദം. 

പ്രിന്‍സിപ്പാളിനെതിരെ വനിതാ കമ്മീഷനിലും സര്‍വകലാശാല വൈസ് ചെയര്‍മാനും പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കോളേജിലെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പാളില്‍ നിന്നും കടുത്ത മാനസിക പീഡനമനമാണ് നേരിടുന്നത് എന്നാണ് വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിനികളോട് തികച്ചും മോശമായ രീതിയില്‍ പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സഹപാഠികളെ സസ്‌പെന്റ് ചെയ്യുകയും പരാതിപ്പെട്ട പെണ്‍കുട്ടികളോട് തീര്‍ത്തും അശ്ലീലപരമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തെന്നും വ്യക്തമാക്കിക്കൊണ്ട് 400 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതിയാണ് വിസിക്ക് നല്‍കിയിരിക്കുന്നത്. 

ഒരുവിഭാഗം വിദ്യാര്‍ത്ഥികളുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രിന്‍സിപ്പാള്‍ സുരേശന്‍ വടക്കയില്‍ പറയുന്നത്.കോളേജിലെ മുന്‍ ചെയര്‍മാന്‍ വനിതാ കായിക അധ്യാപികയോട് മോശമായി പെരുമാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചെയര്‍മാനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തു. ഈ നടപടിയില്‍ പ്രതിഷേധിച്ച ചില വിദ്യാര്‍ത്ഥികള്‍ തന്റെ കാബിനില്‍ കയറുകയും നാശ നഷ്ടം വരുത്തുകയും ചെയ്തുവെന്നും പ്രിന്‍സിപ്പാള്‍ ആരോപിച്ചു. മൊബൈല്‍ നിരോധനം നീക്കാന്‍ നിവേദനമെന്ന പേരിലാണ് ഒപ്പുശേഖരണം നടത്തിയതെന്നും അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com