ഷാജുവും ജോളിയും തമ്മില്‍ നേരത്തെ തന്നെ ബന്ധം ?; പോസ്റ്റ്‌മോര്‍ട്ടത്തെ എതിര്‍ത്തതും ദുരൂഹത; സിലിയുടെ കൊലപാതകത്തില്‍ ഷാജുവിനെ ഇന്ന് ചോദ്യം ചെയ്യും 

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും
ഷാജുവും ജോളിയും തമ്മില്‍ നേരത്തെ തന്നെ ബന്ധം ?; പോസ്റ്റ്‌മോര്‍ട്ടത്തെ എതിര്‍ത്തതും ദുരൂഹത; സിലിയുടെ കൊലപാതകത്തില്‍ ഷാജുവിനെ ഇന്ന് ചോദ്യം ചെയ്യും 

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ഷാജുവിന് നിര്‍ദേശം നല്‍കി. വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഷാജുവിന്റെ ആദ്യഭാര്യ സിലി സെബാസ്റ്റ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. 

സിലിയുടെ കൊലപാതകത്തില്‍ ഷാജുവിനും പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനാലാണ് സിലിയുടെ പോസ്റ്റ്‌മോര്‍ട്ടത്തെ ഷാജു എതിര്‍ത്തത്. സിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഷാജുവും ജോളിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയിരുന്നു.

ഷാജുവുമായുള്ള അടുപ്പം സിലി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍ എത്തുന്നത് വിലക്കാന്‍ സിലി ശ്രമിച്ചു. സിലിയുടെ നീക്കങ്ങളില്‍ ഷാജുവിന്റെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ജോളി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഡന്റല്‍ ക്ലിനിക്കില്‍വച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു. സിലി ധരിച്ചിരുന്ന ആഭരങ്ങള്‍ ഇതോടെ കൂടയുണ്ടായിരുന്ന ജോളിയെ ഏല്‍പ്പിച്ചു. ഈ ആഭരണങ്ങളാണ് പിന്നീട് കാണാതായത്. 

ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് സിലിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ജോളിയുടെ നിര്‍ണായക മൊഴി. സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍  ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്. സിലിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വര്‍ണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും ആഭരണങ്ങളെല്ലാം സിലി ഭണ്ഡാരത്തില്‍  ഇട്ടുവെന്നുമാണ് പറഞ്ഞത്. 

ഇത് വാസ്തവ വിരുദ്ധമാണെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറയുന്നു. വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. അപ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണം ജോളിയാണ് സിലിയുടെ സഹോദരനെ ഏല്‍പ്പിക്കുന്നത്. സഹോദരന്‍ ഈ സ്വര്‍ണം സിലിയുടെ അലമാരയില്‍ വെച്ചുപൂട്ടാന്‍ ഷാജുവിനെ ഏല്‍പ്പിച്ചു. ഷാജു സ്വര്‍ണം അലമാരയില്‍ വെച്ച് പൂട്ടുകയും ചെയ്തു. മരിച്ചതിന് ശേഷം അലമാരയില്‍ വെച്ച സ്വര്‍ണം എങ്ങനെയാണ് സിലി വിറ്റുവെന്ന് പറയുന്നതെന്നും ഈ കാര്യം ഷാജുവിനോട് ചോദിച്ചപ്പോള്‍ വിറ്റുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തതെന്നും സേവ്യര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com