ഉപതെരഞ്ഞടുപ്പ് വിജയം സര്‍ക്കാരിനുള്ള അംഗീകാരം; വിന്ധ്യാപര്‍വതത്തിനിപ്പുറത്തേക്ക് ആര്‍എസ്എസിന് സ്ഥാനമില്ലെന്ന് കോടിയേരി

അരൂരിലെ പരാജയം ഈ വിജയങ്ങളുടെ തിളക്കം കെടുത്തുന്നതാണ്. പരാജയത്തിന്റെ വിശദാംശങ്ങള്‍ പ്രത്യേകമായി പരിശോധിക്കും
ഉപതെരഞ്ഞടുപ്പ് വിജയം സര്‍ക്കാരിനുള്ള അംഗീകാരം; വിന്ധ്യാപര്‍വതത്തിനിപ്പുറത്തേക്ക് ആര്‍എസ്എസിന് സ്ഥാനമില്ലെന്ന് കോടിയേരി


തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പ് വിജയം ഇടതുമുന്നണി സര്‍ക്കാരിനുള്ള അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാതിമത ശക്തികള്‍ തെരഞ്ഞടുപ്പില്‍ ഇടപെടുന്നതിനെതിരായ വിധിയെഴുത്താണ് തെരഞ്ഞടുപ്പില്‍ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അഞ്ചിടത്തും യുഡിഎഫ് വലിയ ഭൂരിപക്ഷം നിലനിര്‍ത്തിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മികച്ച വിജയം നേടിയതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അരൂരിലെ പരാജയം ഈ വിജയങ്ങളുടെ തിളക്കം കെടുത്തുന്നതാണ്. പരാജയത്തിന്റെ വിശദാംശങ്ങള്‍ പ്രത്യേകമായി പരിശോധിക്കും. ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം സംസ്ഥാനത്ത് ഇടതുപക്ഷം വലിയ മുന്നേറ്റമുണ്ടാക്കി എന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാംസ്ഥാനത്ത് പോയ വട്ടിയൂര്‍ക്കാവിലെയും മണ്ഡലം രൂപം കൊണ്ടതിന് ശേഷം ഇടതുപക്ഷം ജയിക്കാത്ത കോന്നിയിലെയും വലിയ വിജയം സൂചിപ്പിക്കുന്നത് അതാണ്. കോടിയേരി പറഞ്ഞു.

ലോകസഭാ ഇലക്ഷന്‍ ഘട്ടത്തില്‍ നിന്ന് കേരളത്തിന്റെ രാഷ്ട്രീയം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനക്ഷേമ സര്‍ക്കാരിനുള്ള അംഗീകാരം കൂടിയാണ് ജനവിധി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ നശീകരണ സമീപനത്തിനെതിരായ ജനങ്ങളുടെ പ്രതികരണമാണിത്. സംസ്ഥാനത്ത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ അടിത്തറ ഭദ്രമാണെന്ന് ജനവിധി അടിവരയിടുന്നു.

ആര്‍എസ്എസിന് കേരളത്തില്‍ സ്ഥാനമില്ല. വിന്ധ്യാപര്‍വതത്തിനിപ്പുറത്തേക്ക് ആര്‍എസ്എസിനൊരു ഭരണം സാധ്യമല്ലെന്ന് കേരളം ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അവര്‍ക്ക് വന്‍തിരിച്ചടിയാണ്. യുഡിഎഫിനും ഫലം കനത്ത തിരിച്ചടി നല്‍കുന്നു. ജാതി മത ശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായ ജനവികാരം കൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതിയത് ചില സമുദായ സംഘടനകളെ കൂടെനിര്‍ത്തിയാല്‍ എന്തും സാധ്യമാണ് എന്നാണ്. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന ജനവിധിയാണെന്നും കോടിയേരി പറഞ്ഞു.ജനവിധി അംഗീകരിച്ചുകൊണ്ട് കൂടുതല്‍ ജനക്ഷേമ ഇടപെടലുകള്‍ നടത്താന്‍ ഇടതുമുന്നണിക്ക് ഈ ജനവിധി കരുത്താകും. സിപിഐ എമ്മിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ജനങ്ങള്‍ പ്രതീക്ഷയോടെ ഇടതുപക്ഷത്തെ നോക്കിക്കാണുന്നു. ജനവിധി ഇടതുപക്ഷ പ്രവര്‍ത്തകരെ കൂടുതല്‍ വിനയാന്വിതരാക്കണം. കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. ഇത് കേരളത്തിലെ ജനാധിപത്യ മതേതര ശക്തികളുടെ വിജയമാണെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com