ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; എട്ട് മണി മുതല്‍ വോട്ടെണ്ണല്‍, ആദ്യ ഫലസൂചനകള്‍ ഒന്‍പതിന് 

പോളിംഗ് ശതമാനം കുറഞ്ഞ എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഫലമാകും ആദ്യ പുറത്തുവരിക
ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; എട്ട് മണി മുതല്‍ വോട്ടെണ്ണല്‍, ആദ്യ ഫലസൂചനകള്‍ ഒന്‍പതിന് 

കൊച്ചി; സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാന്‍ സാധിക്കും. ഉച്ചയോടെ അഞ്ചു മണ്ഡലങ്ങളിലെ ഫലവും പുറത്തുവരും. ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകള്‍ കൂടി എണ്ണിയതിനു ശേഷമാകും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം. 

എറണാകുളം, വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് ശതമാനം കുറഞ്ഞ എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഫലമാകും ആദ്യ പുറത്തുവരിക. വട്ടിയൂര്‍ക്കാവിലെ വോട്ടുകള്‍ പട്ടം സെന്റ്‌മേരീസ് എച്ച്എസ്എസിലും, കോന്നിയിലെ വോട്ടുകള്‍ എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസിലും ആണ് എണ്ണുക. അരൂരിലേത് ചേര്‍ത്തല എന്‍എസ്എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗര്‍ ഗവ. ഹൈസ്‌കൂള്‍ ആണ് വോട്ടെണ്ണല്‍ കേന്ദ്രം. വിവി പാറ്റ് മെഷീനുകള്‍ എണ്ണുന്നത് സിസിടിവി നിരീക്ഷണത്തിലായിരിക്കും

മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍.കൂടാതെ രാഷ്ട്രീയത്തേക്കാള്‍ സമുദായ സമവാക്യങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ പ്രവചിക്കാനാവാത്ത അവസ്ഥയാണ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മൂന്ന് മുന്നണിങ്ങളേയും ഈ ഫലം സ്വാദീനിക്കും. എക്‌സിറ്റ് പോളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം കല്‍പ്പിച്ചിരിക്കുന്നത്. യൂഡിഎഫിന്റെ നാല് മണ്ഡലവും എല്‍ഡിഎഫിന്റെ ഒരു മണ്ഡലത്തിലുമാണ് മത്സരം. ഇതില്‍ രണ്ട് സീറ്റ് എല്‍ഡിഎഫ് പിടിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന്റെ ഒരു സീറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ അത് ഇടത് മുന്നണിയ്ക്ക് ഗുണം ചെയ്യും. 

കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒപ്പം, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നു. മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലത്തിലും തിങ്കളാഴ്ച ആയിരുന്നു വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണല്‍ ഇന്ന് നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com